Latest Videos

കേരള പൊലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടം

By Web TeamFirst Published Sep 23, 2020, 6:57 AM IST
Highlights

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിൽ നിൽക്കുന്ന പോലീസുകാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ സാമ്പത്തിക പ്രതിസന്ധി മൂലം കഴിയുന്നില്ലെന്ന് പറയുമ്പോൾ ആണ് പൊലീസ് നവീകരണത്തിന് ആയി മാറ്റിവച്ച തുകയിൽ നിന്നും കോടികൾ നൽകുന്നത്

തിരുവനന്തപുരം: കേരള പൊലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടം. കഴിഞ്ഞ ആറ് മാസത്തിനിടെ 5 പ്രാവശ്യം മാത്രം പറന്ന ഹെലികോപ്റ്ററിന് വേണ്ടി സർക്കാർ വാടക നൽകേണ്ടി വരുന്നത് 10 കോടിയിൽ അധികം രൂപ. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും ഹെലിക്കോപ്റ്റർ വാടകയുടെ വിവരങ്ങൾ പൊലീസ് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആണ് ഹെലിക്കോപ്റ്റർ വാടകയുടെ പേരിൽ ഉള്ള സർക്കാർ ധൂർത്ത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ അനുമതി നൽകി ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തി 1 കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപ ആയിരുന്നു അനുവദിച്ച തുക.

ഒരു മാസം 20 മണിക്കൂർ പറക്കാനാണ് ഈ തുക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക ദില്ലി ആസ്ഥാനമായ പവൻ ഹാൻസ് എന്ന കമ്പനിക്ക് നൽകണം. ആദ്യ ഗഡു നൽകിയതിനെ തുടർന്നാണ് മാർച്ച് മാസത്തിൽ ഹെലികോപ്റ്റർ എത്തിയത്. തുടർന്ന് ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വാടക കണക്കാക്കിയാൽ പത്ത് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ് രൂപയാണ് സർക്കാർ പവൻ ഹൻസിന് നൽകേണ്ടി വരുന്നത്. ഇങ്ങനെ ആണെങ്കിൽ ഒരു വർഷം കൊണ്ട് 20 കോടി നാല്പത്തിയേഴ് ലക്ഷത്തി അമ്പതിമൂവായിരത്തി അറനൂറ് രൂപ ഹെലികോപ്റ്റർ വാടക ഇനത്തിൽ മാത്രം സർക്കാർ ഖജനാവിൽ നിന്ന് നൽകേണ്ടി വരും.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിൽ നിൽക്കുന്ന പോലീസുകാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ സാമ്പത്തിക പ്രതിസന്ധി മൂലം കഴിയുന്നില്ലെന്ന് പറയുമ്പോൾ ആണ് പൊലീസ് നവീകരണത്തിന് ആയി മാറ്റിവച്ച തുകയിൽ നിന്നും കോടികൾ നൽകുന്നത്. ഹെലികോപ്റ്റർ വന്നതിന് ശേഷം 5 പ്രാവശ്യം മാത്രമാണ് പറന്നിട്ടുള്ളത്. എന്നാൽ പെട്ടിമുടി ഉൾപ്പടെയുള്ള ദുരന്തം ഉണ്ടായപ്പോൾ ഹെലിക്കോപ്റ്റർ പ്രയോജനം ചെയ്തില്ല. മാത്രമല്ല ആദ്യ പരിശീലന പറക്കലിൽ തന്നെ ഹെലിക്കോപ്റ്ററിൽ നിന്നുള്ള വനമേഖലയിലെ നിരീക്ഷണം പ്രായോഗികം അല്ലെന്നും തെളിഞ്ഞു.

click me!