ഫുട്ബോൾ കമ്പം മൂത്ത് മലയാളിയായ 14 കാരന്‍ നാടുവിട്ടു; പാനിപൂരി വില്‍പനയും ഫുട്ബാളുമായി 46 ദിവസം, ഒടുവില്‍ പൊലീസ് കണ്ടെത്തി

By Web TeamFirst Published Nov 14, 2019, 5:10 PM IST
Highlights

46 ദിവസം മുമ്പാണ് യാതൊരു തുമ്പുമില്ലാതെ അമര്‍ അപ്രത്യക്ഷമായത്. ഭിക്ഷാടന മാഫിയയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കിംവദന്തി പരന്നു.മകനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

തിരുവനന്തപുരം: 46 ദിവസമായി കാണാനില്ലായിരുന്ന 14 കാരനെ പൊലീസ് കണ്ടെത്തി. അമര്‍ എന്ന 14കാരനെയാണ് ഏറെ ദിവസത്തെ തിരച്ചിലിനൊടുവില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയത്. കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഫുട്ബോള്‍ കമ്പം കയറിയ ബാലന്‍ മികച്ച ഭാവി തേടിയാണ് നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ പാനിപൂരി കടയില്‍ ജോലിയും ഒഴിവ് സമയം ഫുട്ബാള്‍ പരിശീലനവുമായി കഴിയുകയായിരുന്നു 14കാരന്‍. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയാണ് അമര്‍. 

46 ദിവസം മുമ്പാണ് യാതൊരു തുമ്പുമില്ലാതെ അമര്‍ അപ്രത്യക്ഷമായത്. ഭിക്ഷാടന മാഫിയയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കിംവദന്തി പരന്നു. ബാലനെ കണ്ടെത്താന്‍ അമറിന്‍റെ കുടുംബം ബഹു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പി ജിജിമോന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോജി , സിവിൽ പൊലീസ് ഓഫീസർമാരായ നിയാസ് മീരാന് , സുനില്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ. നീണ്ട ദിവസങ്ങളിലെ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്ന് അമറിനെ കണ്ടെത്തുകയായിരുന്നു. 

കേരളം , തമിഴ്നാട് , കര്‍ണ്ണാടക , ഗോവ , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി അനാഥാലയങ്ങളിലും, ഫുട്ബോള്‍ ക്ലബുകള്‍, വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒരു ഫുട്ബോള്‍ പരിശീലന കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയത്. തനിക്ക് വേണ്ടിയുള്ള പൊലീസ് അന്വേഷണവും നാട്ടിലെ പൊല്ലാപ്പുമൊന്നമറിയാതെ വൈകുന്നേരം പാനിപൂരി കടയില്‍ ജോലിയും രാവിലെ ഫുട്ബോള്‍ കളിയുമായി കഴിയുകയായിരുന്നു ഫുട്ബോള്‍ കമ്പക്കാരനായ അമറെന്ന് പൊലീസ് വ്യക്തമാക്കി .

 

 

click me!