രാത്രി വാടാനപ്പള്ളി സ്റ്റേഷനിലേക്ക് ഒരു കോൾ, 'ഞാൻ മരിക്കാൻ പോകുകയാണ്'; ഓടിച്ചെന്ന് നോക്കിയപ്പോൾ റൂമിൽ മാത്രം ലൈറ്റ്, രക്ഷിച്ച് പൊലീസ്

Published : Aug 04, 2025, 07:44 PM ISTUpdated : Aug 04, 2025, 07:53 PM IST
vadanappilly police station

Synopsis

വാടാനപ്പള്ളിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പോലീസ് സമയോചിതമായി ഇടപെട്ട് രക്ഷിച്ചു. പോലീസ് സ്റ്റേഷനിലേക്ക് യുവാവ് വിളിച്ച് ഞാൻ മരിക്കാൻ പോകുകയാണെന്ന് പൊലീസിനോട് പറയുകയായിരുന്നു. 

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ വാടാനപ്പള്ളിയിൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായെന്ന് കേരളാ പൊലീസ്. ഞാൻ മരിക്കാൻ പോകുകയാണെന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നുവെന്നും അതിനു പിന്നാലെ പൊലീസ് ഇടപെട്ട് ജീവൻ രക്ഷിച്ചുവെന്നും പൊലീസിന്റെ ഔദ്യോഗിക ഫോസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്:

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'ഞാൻ മരിക്കാൻ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായാത് യുവാവി​ന്റെ ജീവൻ. ഇക്ക​ഴിഞ്ഞ ​വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കോൾ എത്തിയത്. പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ സൗമ്യയാണ് കോൾ അറ്റൻഡ് ചെയ്തത്. ഫോൺ വിളിച്ച യുവാവിനെ സൗമ്യ ആദ്യം സമാധാനപ്പെടുത്തുകയും, ഉടൻ തന്നെ ഈ വിവരം ജി.ഡി ചാർജിലുണ്ടായിരുന്ന സീനിയ‍ർ സിവിൽ പൊലീസ് ഓഫിസ‍ർ ഫിറോസിനെ അറിയിക്കുകയും ചെയ്തു. ഫിറോസ് യുവാവുമായി ഫോണിൽ സംസാരിച്ച് ശാന്തനാക്കാൻ ശ്രമിച്ചു. ഫോൺ നമ്പർ ശേഖരിക്കുകയും ചെയ്തു. ഉടനെ വിഡിയോ കോളിലൂടെ ബന്ധപ്പെട്ടപ്പോൾ യുവാവ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതായാണ് കണ്ടത്. ഉടനടി വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍ർ ഷൈജു എൻ.ബി യെ വിവരം അറിയിച്ചു. ഫോൺ നമ്പർ ട്രേസ് ചെയ്ത്, ഫിറോസ്, സി.പി.ഒ.മാരായ ജോർജ് ബാസ്റ്റ്യൻ, ശ്യാം എന്നിവർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. തളിക്കുളം കച്ചേരിപ്പടി പടിഞ്ഞാറ് എത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി. വീട്ടിൽ ചെന്നപ്പോൾ ഒരു റൂമിൽ മാത്രം ലൈറ്റ് തെളിഞ്ഞിരുന്നു. കതക് മുട്ടിയിട്ടും തുറന്നില്ല. ലൈറ്റ് തെളിഞ്ഞിരുന്ന റൂമിന്റെ ജനൽ പൊട്ടിച്ച് നോക്കിയപ്പോൾ യുവാവ് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. ഉടൻ വാതിൽ പൊളിച്ച് അകത്ത് കടന്ന പൊലീസ് സംഘം, യുവാവ് കെട്ടിതൂങ്ങാൻ ഉപയോഗിച്ച തുണി അഴിച്ചു മാറ്റി സി പി‌ ആർ നൽകുകയും, ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങളെ വിവരം അറിയിച്ച്, യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് സുരക്ഷിതനാണ്, ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.'- കേരളാ പൊലീസ് 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം