'കള്ളൻ കപ്പലിൽ തന്നെ'; ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ

By Web TeamFirst Published Oct 9, 2021, 10:55 AM IST
Highlights

ജ്യോതി സുധാകർ മംഗലപുരത്ത് നിന്ന് സ്ഥലംമാറി പോയി. എന്നാൽ ഫോൺ കാണുന്നില്ലെന്ന് ബന്ധുക്കൾ നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരുന്നു

തിരുവനന്തപുരം: ട്രെയിൻ (Train) തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ (Mobile Phone) ബന്ധുക്കൾക്ക് നൽകാതെ സ്വന്തം സിം കാർഡിട്ട് (Sim Card) ഉപയോഗിച്ച എസ്ഐക്ക് (Sub Inspector) സസ്പെൻഷൻ (Suspension). തിരുവനന്തപുരം മംഗലപുരം മുൻ എസ് ഐയും ഇപ്പോൾ ചാത്തന്നൂർ എസ് ഐയുമായ ജ്യോതി സുധാകറിനെയാണ് (Jyothi Sudhakar) സസ്പെൻറ് ചെയ്തത്. തന്റെ ഔദ്യോഗിക സിം കാർഡ് ഇട്ടാണ് ഇയാൾ മരിച്ച വ്യക്തിയുടെ ഫോൺ തട്ടിയെടുത്ത് ഉപയോഗിച്ചത്.

മംഗലപുരം സ്വദേശിയായ അരുൺ ജെറിയുടെ ഫോണാണ് എസ് ഐ ഉപയോഗിച്ചത്. അരുൺ ജെറി ജൂൺ 18 ന് ട്രെയിൻ തട്ടി മരിച്ചിരുന്നു. പുതുക്കുറിച്ചിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു അരുണ്‍ താമസിച്ചിരുന്നത്. ബന്ധുക്കള്‍ മൃതദേഹം പരിശോധിക്കാനെത്തിയപ്പോള്‍ അരുണ്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പലതും കാണാനില്ലായിരുന്നു. പൊലീസിനോട് അന്വേഷിച്ചപ്പോള്‍ ട്രയിനിനടിയില്‍ കുടുങ്ങി കാണാതായെന്നായിരുന്നു മറുപടി. സംശയം തോന്നിയ ബന്ധുക്കള്‍ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന പരാതി സൈബര്‍ പൊലീസിനും ഡിജിപിക്കും നല്‍കി.

സൈബര്‍ പൊലീസിന്‍റെ അന്വേഷണത്തിലാണ് ഈ ഫോണ്‍ ചാത്തന്നൂരിലാണെന്ന് കണ്ടെത്തിയത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ ചാത്തന്നൂര്‍ എസ്ഐയായ ജ്യോതി സുധാകറാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് മനസിലായി. അരുണ്‍ ജെറി മരിച്ചപ്പോള്‍ മൃതദേഹ പരിശോധന നടത്തിയത് മംഗലപുരത്ത് എസ്ഐയായിരുന്ന ജ്യോതി സുധാകരനായിരുന്നു. അപ്പോള്‍ ഫോണ്‍ കൈവശപ്പെടുത്തിയ ഇയാള്‍ രഹസ്യമായി ഇത് സൂക്ഷിക്കുകയായിരുന്നു. മഹസറില്‍ ഫോണ്‍ ഇല്ലെന്ന് രേഖപ്പെടുത്തി. ജ്യോതി സുധാകരനെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി അറിയിച്ചു

click me!