വിമര്‍ശനമേറ്റ് 'റോസ്റ്റായി'; കേരള പൊലീസ് ഓൺലൈൻ പ്രതികരണം നിർത്തി, ഇനി പുതിയ രൂപത്തിൽ

By Web TeamFirst Published Jun 8, 2020, 11:20 PM IST
Highlights

പുതിയതായി അവതരിപ്പിച്ച ഓൺലൈൻ പ്രതിവാര പരിപാടി ബോധവത്കരണത്തിന് ഉതകുന്നതല്ല എന്ന് കണ്ടാണ് പരിപാടിയുടെ ഉള്ളടക്കം മാറ്റാൻ തീരുമാനിച്ചത്.

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ ജനങ്ങളെ ബോധവത്കരിച്ച് ലോകശ്രദ്ധ ആകർഷിച്ച കേരള പൊലീസിലെ സോഷ്യൽ മീഡിയ സെൽ പുതിയതായി ആരംഭിച്ച ഓൺലൈൻ പ്രതികരണ പരിപാടി നിർത്തി. പകരം കൂടുതൽ നവീനമായ ബോധവത്കരണ പരിപാടി പുതിയ രൂപത്തിൽ ആരംഭിക്കുമെന്ന് കേരള പോലീസിന്റെ സോഷ്യൽ മീഡിയ ടീം അറിയിച്ചു. 

നിലവിൽ കേരള പോലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക്, യുട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനങ്ങൾക്ക് ബോധവത്കരണ പരിപാടികളാണ് നടത്തി വന്നിരുന്നത്. പുതിയതായി അവതരിപ്പിച്ച ഓൺലൈൻ പ്രതിവാര പരിപാടി ബോധവത്കരണത്തിന് ഉതകുന്നതല്ല എന്ന് കണ്ടാണ് പരിപാടിയുടെ ഉള്ളടക്കം മാറ്റാൻ തീരുമാനിച്ചത് എന്ന് അധികൃതരുടെ അറിയിച്ചു.

പൊലീസ് സേനയിലെ സൈബര്‍ വിഭാഗം തയാറാക്കിയ പുതിയ വീഡിയോയ്ക്കെതിരെ സ്ത്രീവിരുദ്ധത വരെ ആരോപിക്കപ്പെട്ടതോടെയാണ് പരിപാടി നിര്‍ത്തിവയ്ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടത്. പി സി കുട്ടന്‍പിളള സ്പീക്കിംഗ് എന്ന പേരിട്ടാണ് സംസ്ഥാന പൊലീസിലെ സൈബര്‍ വിഭാഗം ഔദ്യോഗിക യൂട്യൂബ് പേജിലൂടെ റോസ്റ്റിംഗ് തുടങ്ങിയത്. പൊലീസിന്‍റെ റോസ്റ്റിംഗ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിയമബോധവല്‍ക്കരണമോ, സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുളള പുതുവഴിയോ ഒക്കെയാകുമെന്ന് പ്രതീക്ഷിച്ചവരുടെ മുന്നിലേക്കെത്തിയത് വെറും ചളി മാത്രമായി. 

ടിക്ക് ടോക്കിലും മറ്റും ഹിറ്റായ വീഡിയോകളെ പരിഹസിക്കാന്‍ വേണ്ടി മാത്രം പൊലീസെന്തിന് ഇങ്ങനെയൊരു പരിപാടി നടത്തുന്നു എന്ന വിമര്‍ശനമാണ് ആദ്യമുയര്‍ന്നത്. പിന്നാലെ യൂണിഫോമിട്ട് പൊലീസുകാരന്‍ തയാറാക്കിയ റോസ്റ്റിംഗ് വീഡിയോയ്ക്കെതിരെ സ്ത്രീവിരുദ്ധതയും സൈബര്‍ ബുളളിയിംഗ് ആക്ഷേപങ്ങളും ഉയര്‍ന്നു. സോഷ്യല്‍മീഡിയയിലെ മറ്റ് ട്രോളന്‍മാരും റോസ്റ്റര്‍മാരും പൊലീസു മാമന്‍റെ വീഡിയോയ്ക്ക് പൊങ്കാലയിട്ടു. സേനയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും നെഗറ്റീവ് കമന്‍റുകള്‍ നിറഞ്ഞു തുടങ്ങിയതോടെയാണ് കുട്ടന്‍പിളള പൊലീസിനോട് ഷട്ടപ്പ് പറയാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായത്.

Also Read: തുടക്കം ഫുക്രുവില്‍; റോസ്റ്റിംഗ് വീഡിയോയുമായി കേരളാ പൊലീസും

click me!