
കഴിഞ്ഞ ദിവസമാണ് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ഒരു പേരിടൽ ടാസ്ക് വന്നത്. കേരള പൊലീസിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന മൊബൈൽ ആപ്പിന് പേരിടാനാണ് പൊതുജനങ്ങൾക്കും പൊലീസ് അവസരം നൽകിയത്. പേരുകൾ മെയിൽ അയക്കണമെന്നും മികച്ച പേരിന് സംസ്ഥാന പൊലീസ് മേധാവി പാരിതോഷികം നൽകുമെന്നുമായിരുന്നു നിർദ്ദേശം.
കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
📣ആപ്പിന് പേരിടാമോ?
കേരളാപോലീസിൻ്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് പുതിയൊരു മൊബൈൽ ആപ് തയ്യാറാക്കുക്കുകയാണ്. പ്രസ്തുത ആപ്പിന് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. മികച്ച പേര് നിർദ്ദേശിക്കുന്നയാൾക്ക് സംസ്ഥാന പോലീസ് മേധാവി പാരിതോഷികം നൽകും.
എൻട്രികൾ 2020 മെയ് 31നു മുൻപ് cctns.pol@kerala.gov.in എന്ന ഈ മെയിൽ വിലാസത്തിൽ അയയ്ക്കുക
#keralapolice #cctnskerala
എന്നാൽ, മെയിലിന് പകരം പോസ്റ്റിന് താഴേയാണ് പേരുകളുടെയും ട്രോളുകളുടെയും പ്രവാഹം. കേരളാ പൊലീസിന്റെ ആപ്പിന് പേരിടാനായി തലപുകഞ്ഞ് അലോചിച്ച് പോരാടുകയാണ് ഫോളോവേഴ്സ്. ഇതിനിടയിൽ ഏറ്റവും കൂടുതൽ ലൈക്ക് വാരിക്കൂട്ടിയിരിക്കുകയാണ് ഒരു കമന്റ്.
കേരള പൊലീസിന്റെ ആപ്പിന് 'പൊല്ലാപ്പ്' എന്നാണ് ശ്രീകാന്ത് ശ്രീ എന്ന വിരുതൻ നിർദ്ദേശിച്ചിരിക്കുന്ന പേര്. എങ്ങനെയാണ് ഈ പേര് വന്നതെന്നും ഇദ്ദേഹം വിവരിക്കുന്നുണ്ട്. പൊലീസിന്റെ 'പോല്ഉം' 'ആപ്പ്ന്റെ' ആപ്പും ചേർന്നാണ് 'പൊല്ലാപ്പ്'ഉണ്ടായത്. ഇതിന് മറുപടിയുമായി താമസിക്കാതെ തന്നെ പൊലീസും രംഗത്തെത്തി.'നിന്റെ ഈ കൊച്ച് തലയ്ക്കകത്ത് ഇത്രയ്ക്കും വിവരമുണ്ടെന്ന് അറിഞ്ഞില്ല'എന്നായിരുന്നു പൊലീസിന്റെ മറുപടി.
കീപോൻ, കോപ്പ്, കേരള പൊലീസ്, കോപ് ആപ്പ്, അളിയൻ. പോപ്, പ്രഭാകര, സുരക്ഷ, ബാഡ് ബോയ്സ്, രക്ഷ കവജം ഈസി സർവീസ്, വിട്ടു കളയണം, കാവൽ .... എന്നിങ്ങനെ ആപ്പിന് നിർദ്ദേശിച്ച പേരുകൾ അനവധിയാണ്. പേരുകൾക്ക് പുറമേ കമന്റ് ബോക്സിൽ ട്രോളുമായി എത്തിയവരും കുറവല്ല കേട്ടോ.
എന്തായാലും, ആപ്പിന് പേരിടാൻ കമന്റ് ബോക്സിൽ നിരവധി പേർ പോരാടുന്നുണ്ടെങ്കിലും മെയ് 31 കഴിയമ്പോൾ വിജയികളെ പൊലീസുകാർ തന്നെ പ്രഖ്യാപിക്കും.
ഏതാനും ചില കമന്റുകൾ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam