വിധി സ്വാഗതം ചെയ്ത് പിഎസ്‍സി ചെയർമാൻ; ഭരണഘടനാ ബാധ്യത നിറവേറ്റാനാണ് കമ്മീഷൻ ശ്രമിച്ചതെന്നും എം കെ സക്കീർ

By Web TeamFirst Published Aug 3, 2021, 5:58 PM IST
Highlights

ഒരു ഉദ്യോഗാർഥിയുടെ അപേക്ഷയിൽ കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്

തിരുവനന്തപുരം: പിഎസ്‍സി റാങ്ക് പട്ടികയിൽ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം പിഎസ്‍സിക്ക് തന്നെ എന്ന് ഉറപ്പിക്കുന്ന വിധിയാണ് ഹൈക്കോടതിയെന്ന് പിഎസ്‍സി ചെയ‍ർമാൻ. ഭരണഘടനാ ബാധ്യത നിറവേറ്റാനാണ് കമ്മീഷൻ ശ്രമിച്ചതെന്നും എം കെ സക്കീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. 

ഏറ്റവും കുറവ് നിയമനം നടന്ന റാങ്ക് പട്ടികയിൽ എൽജിഎസ് ഉദ്യോഗാർത്ഥികൾക്ക് കിട്ടിയ ഏറ്റവും വലിയ ആശ്വാസമായിരുന്നു ട്രൈബ്യൂണൽ വിധി. എന്നാൽ ട്രൈബ്യൂണൽ ഉത്തരവിനെതിരായ പിഎസ്‍സി ഹർജി  ഹൈക്കോടതി തീർപ്പാക്കിയതോടെ എൽജിഎസുകാരുടെ അവസാന വഴിയും അടഞ്ഞു.

ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുനിൽക്കുമ്പോൾ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നാണ് ഇന്ന് ഹൈക്കോടതി ചോദിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് റാങ്ക് ലിസ്റ്റുകളുടെ കാലാവധിയിൽ ഇടപെടാൻ അധികാരമില്ലെന്നും കാലാവധി നീട്ടുന്നതു പുറത്തു നിൽക്കുന്നവരുടെ അവസരം ഇല്ലാതാക്കുമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഒരു ഉദ്യോഗാർഥിയുടെ അപേക്ഷയിൽ കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. വിധി ഹൈക്കോടതി റദ്ദാക്കിയതോടെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാളെ അവസാനിക്കും. 

മുട്ടിലിഴഞ്ഞും, ഉപവാസമിരുന്നും ഉദ്യോഗാർത്ഥികൾ നടത്തിയ സമരം സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിൽ സമരമായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ നൽകിയ വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ല. പ്രമോഷൻ റിപ്പോർട്ട് ചെയ്യുന്നത് ഇഴഞ്ഞതും എൽജിഎസ് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി. 

493 റാങ്ക് പട്ടികകകളുടെ കാലാവധിയാണ് നാളെ അവസാനിക്കുന്നത്.വനിതാ സിപിഒക്കാരും,അധ്യാപക നിയമനം കാക്കുന്ന ഉദ്യോഗാർത്ഥികളും ഇപ്പോഴും സമരത്തിലാണ്. സമരം തുടരാനാണ് എൽജിഎസ് ഉദ്യോഗാർത്ഥികളുടെയും തീരുമാനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!