മുഹമ്മദിൻ്റെ ചികിത്സയ്ക്കുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും നികുതിയും ഒഴിവാക്കി കേന്ദ്രസർക്കാർ

By Web TeamFirst Published Aug 3, 2021, 5:52 PM IST
Highlights

ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ഈ മരുന്നിന് ചിലവുണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ നികുതിയളവ് നൽകണമെന്ന് അഭ്യർത്ഥിച്ച് ഇടി മുഹമ്മദ് ബഷീർ ധനമന്ത്രിയെ സമീപിക്കുകയായിരുന്നു

ദില്ലി: സ്പൈനൽ മസ്കുലർ ട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ്റെ മുഹമ്മദിൻ്റെ ചികിത്സയ്ക്ക് തുണയേകി കേന്ദ്രസർക്കാരും. മുഹമ്മദിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിൻ്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭാ എംപി ഇ.ടി.മുഹമ്മദ് ബഷീറിനെ അറിയിച്ചു. ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ഈ മരുന്നിന് ചിലവുണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ നികുതിയളവ് നൽകണമെന്ന് അഭ്യർത്ഥിച്ച് ഇടി മുഹമ്മദ് ബഷീർ ധനമന്ത്രിയെ സമീപിക്കുകയായിരുന്നു. ആ​ഗസ്റ്റ് ആറിന് എസ്.എം.എ രോ​ഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ട സോൾജെൻസ്മ എന്ന മരുന്ന് കേരളത്തിൽ എത്തുമെന്ന് മുഹമ്മദിനെ ചികിത്സിക്കുന്ന ഡോക്ട‍മാ‍ർ അറിയിച്ചിട്ടുള്ളത്. 

മുഹമ്മദിൻ്റെ കഥ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരികയും പിന്നീട് സമൂഹമാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിം​ഗ് വഴി കോടികളാണ് സഹയമായി എത്തിയത്. 46.78 കോടി രൂപ മുഹമ്മദിനായി സുമനസുകൾ സമാഹരിച്ചു. സമാന രോ​ഗം ബാധിച്ച മുഹമ്മദിൻ്റെ സഹോദരി അഫ്രയുടെ ചികിത്സയ്ക്ക് കൂടി തുക വകയിരുത്തിയ ശേഷം ബാക്കി പണം എസ്.എം.എ രോ​ഗം ബാധിച്ച മറ്റു കുട്ടികൾക്കായി ചിലവിടാനാണ് മുഹമ്മദ് ചികിത്സാ കമ്മിറ്റിയുടെ തീരുമാനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!