
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ നാളെ ചോദ്യംചെയ്യൽ തുടങ്ങാനിരിക്കെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്നാവർത്തിച്ച് പിഎസ്‍സി. ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് പിഎസ്‍സിയുടെ നീക്കം. അംഗങ്ങളെ കുറ്റക്കാരാക്കാൻ ശ്രമമെന്നാണ് ഇന്നത്തെ കമ്മീഷൻ യോഗത്തിൽ ഉയര്‍ന്ന വിമർശനം. അതേസമയം, പിഎസ്‍സി ആസ്ഥാനത്ത് പോയി ചോദ്യം ചെയ്യില്ലെന്ന് കാട്ടി ക്രൈംബ്രാഞ്ചും കത്ത് നൽകിയേക്കും.
ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിൽ പിഎസ്‍സി അംഗങ്ങളുടെ ചോദ്യം ചെയ്യലിൽ നിലപാടിലുറച്ച് കമ്മീഷനും ക്രൈംബ്രാഞ്ചും. ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ട് വന്ന ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിലെ അന്വേഷണം നിർണ്ണായകഘട്ടത്തിലെത്തി നിൽക്കെയാണ് പുതിയ തർക്കം. നാല് പിഎസ്‍സി അംഗങ്ങൾക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയ അംഗങ്ങൾ ചൊവ്വാഴ്ച മുതൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തണമെന്നാണ് അന്വേഷണ സംഘം നിര്‍ദേശിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്നാണ് പിഎസ്‍സി നിലപാട്. ഭരണഘടനാ സ്ഥാപനമായ കമ്മീഷനിലെ അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിക്കുന്നതിന് പ്രോട്ടോക്കോൾ പ്രശ്നമുണ്ടെന്നാണ് പിഎസ്‍സിയുടെ വാദം.
പിഎസ്‍സി ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്നാണ് കമ്മീഷൻ നിലപാട്. പക്ഷെ എവിടെ ചോദ്യം ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥൻ്റെ വിവേചനാധികാരമാണെന്ന് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. പിഎസ്‍സി അംഗങ്ങളെ വിളിപ്പിക്കുന്നതിൽ നിയമപ്രശ്നമില്ലെന്നാണ് തങ്ങൾക്കുള്ള നിയമോപദേശമെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു. നാളെത്തെ പ്രതിവാര കമ്മീഷൻ യോഗം നോട്ടീസ് ചർച്ച ചെയ്യും. അംഗങ്ങൾ എത്തിയില്ലെങ്കിൽ അടുത്ത തുടർനടപടി എന്താണെന്ന് ക്രൈംബ്രാഞ്ചും ആലോചിക്കുന്നു. നോട്ടീസ് നൽകിയ നാല് പേരിൽ മൂന്ന് പേർ ചെയർമാനൊപ്പം വിവാദ തസ്തികക്കുള്ള അഭിമുഖ ബോർഡിലുണ്ടായിരുന്നു. ചെയർമാന് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. അംഗങ്ങളുടെ ചോദ്യം ചെയ്യലിന് ശേഷമാകും വീഴ്ച പറ്റിയ കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരുടെ കൂടുതൽ പങ്ക് പുറത്തുവരൂ എന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam