കോടഞ്ചേരി വനത്തിൽ ഉരുൾപൊട്ടിയെന്ന് സംശയം; പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക

By Web TeamFirst Published Aug 6, 2020, 11:04 PM IST
Highlights

പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഇവിടെ ഉടൻ റെഡ് അലർട്ട് പുറപ്പെടുവിക്കും. പറവൂർ, പുത്തൻവേലിക്കര, പാറക്കടവ് പ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു

തിരുവനന്തപുരം: ശക്തമായ മഴ സംസ്ഥാനെത്തെമ്പാടും തുടരുന്നു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ വനത്തിനകത്ത് ഉരുൾപൊട്ടിയതായി സംശയം ഉയർന്നു. കോടഞ്ചേരി ചെമ്പുകടവിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി.

അതേസമയം പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഇവിടെ ഉടൻ റെഡ് അലർട്ട് പുറപ്പെടുവിക്കും. പറവൂർ, പുത്തൻവേലിക്കര, പാറക്കടവ് പ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ ആറ് ക്യാമ്പുകൾ തുറന്നു. 146 പേരെ മാറ്റിത്താമസിപ്പിച്ചു.

കോതമംഗലം താലൂക്കിൽ അഞ്ചും കൊച്ചി  താലൂക്കിൽ ഒരു ക്യാമ്പും തുറന്നു. ഇതിൽ നാലെണ്ണം ജനറൽ ക്യാമ്പുകളാണ്. രണ്ടെണ്ണം 60 വയസിന് മുകളിലുള്ളവർക്ക് വേണ്ടിയുള്ളതാണ്. കണ്ണൂർ ചക്കരക്കല്ലിൽ കനത്ത മഴയിലും കാറ്റിലും വീട് തകർന്നു.  മൗവ്വഞ്ചേരി പെട്രോൾ പമ്പിനു സമീപം ഷൈലജയുടെ വീടാണ് തകർന്നത്. ഓടുമേഞ്ഞ വീടിനു  മുകളിൽ കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു. വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം.ഈ സമയം ഇവിടെ ശൈലജയും കുട്ടികളുമുണ്ടായിരുന്നു. ഇവർ രക്ഷപ്പെട്ടു.

അതിനിടെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കല്ലാർ ഡാം തുറന്നു . തൂവൽ, പെരിഞ്ചാംകുട്ടി, മേലെ ചിന്നാർ മേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. പാലക്കാട് ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.  മണ്ണാർക്കാട് താലൂക്കിലാണ് ക്യാംപ്. ഷോളയൂർ ഗവ. ട്രൈബൽ സ്കൂളിൽ 14 പേരെയും , പാലക്കയം  ദാറുൽ ഫർഖാൻ ഗേൾസ് ഹോസ്റ്റലിൽ  20 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നെല്ലിയാമ്പതിയിലേക്കുളള വഴിയിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം ഉണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് 22 അംഗ ദുരന്ത നിവാരണ സേനയെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

click me!