കനത്ത മഴ തുടരുന്നു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ വൈകിയോടുന്നു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

Published : May 30, 2025, 06:21 AM ISTUpdated : May 30, 2025, 06:27 AM IST
കനത്ത മഴ തുടരുന്നു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ വൈകിയോടുന്നു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

Synopsis

മഴയിൽ പലയിടത്തും ട്രാക്കിൽ മരം വീണതോടെയാണ് പല ട്രെയിനുകളും വൈകിയോടുന്നത്. ഇടുക്കിയിൽ ഇതുവരെ 103 വീടുകൾ ഭാഗികമായും 9 വീടുകൾ പൂർണ്ണമായും തകർന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുകയാണ്. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടുക്കിയിലും കണ്ണൂരും കാസർകോടും ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പാണുള്ളത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

മഴയിൽ പലയിടത്തും ട്രാക്കിൽ മരം വീണതോടെയാണ് പല ട്രെയിനുകളും വൈകിയോടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയുളള ജനശതാബ്ദി എക്സ്പ്രസ് പുറപ്പെടുന്നത് വൈകുകയാണ്. രാവിലെ 5.55ന് സര്‍വീസ് ആരംഭിക്കേണ്ട ട്രെയിന്‍ 8.45നായിരിക്കും പുറപ്പെടുക. പെയറിങ് ട്രെയിൻ വൈകിയതാണ് ജനശതാബ്ദി വൈകാൻ കാരണം. ഇന്നലെ കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45ന് സര്‍വീസ് ആരംഭിച്ച ട്രെയിന്‍ പുലര്‍ച്ചെ 1.41ആണ് തിരുവനന്തപുരത്ത് എത്തിയത്.

ഇന്നലെ രാത്രി എറണാകുളം, തിരുവനന്തപുരം റൂട്ടില്‍ പലയിടങ്ങളിലും റെയില്‍വേ ട്രാക്കില്‍ മരം വീണത് ട്രെയിന്‍ ഗതാഗതം താറുമാറാക്കിയിരുന്നു. തിരുവനന്തപുരം- ഗുരുവായൂര്‍ എക്സ്പ്രസും വൈകി ഓടുകയാണ്. നിലവില്‍ ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. മറ്റു പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇന്നലെ മലബാർ , മാവേലി , ഇൻറർസിറ്റി , ഷാലിമാർ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകിയാണ് ഓടിയത്. ഇന്നും പല ട്രെയിനുകളും വൈകാനാണ് സാധ്യത.

ഇന്നലെ രാത്രി മുതൽ തിരുവനന്തപുരത്ത് ശക്തമായ കാറ്റും മഴയുമാണ്. ഇതേ തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകുന്നേരം പോയ വൈദ്യുതി പലയിടത്തും പുനസ്ഥാപിച്ചില്ല. വൈദ്യുതിപോസ്റ്റുകളിൽ മരം വീണുണ്ടായ നാശനഷ്ടം പരിഹരിക്കാനുള്ള കാലതാമസമാണെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

കോട്ടയത്ത് രാത്രിയിൽ പലയിടത്തും ശക്തമായ മഴ പെയ്തു. രാവിലെയും മഴ തുടരുകയാണ്. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. ഇന്നലത്തെ അപേക്ഷിച്ചു മഴയുടെ ശക്തി നിലവിൽ കുറഞ്ഞിട്ടുണ്ട്. ഇടുക്കിയിൽ 103 വീടുകൾ ഭാഗികമായും 9 വീടുകൾ പൂർണ്ണമായും തകർന്നു.

10 ദുരിതാശ്വാസക്യാമ്പുകളാണ് ഇടുക്കിയിൽ പ്രവര്‍ത്തിക്കുന്നത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും ആളുകൾ മാറി താമസിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ ഇതുവരെ നാല് അണക്കെട്ടുകൾ തുറന്നു. മലയോര മേഖലയിലെ രാത്രി യാത്ര നിരോധനം ഇന്നും തുടരും. വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്.

കണ്ണൂരിൽ ഇടവിട്ട് മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊച്ചി നഗരത്തിലും ആലുവ അടക്കം ഉള്ള പ്രദേശങ്ങളിലും മഴ തുടരുന്നു. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ അരയാഞ്ഞിലിമൺ, പെരുനാട് മുക്കം  കോസ് വേകൾ രാത്രിയോടെ മുങ്ങി.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും