
തിരുവനന്തപുരം: ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴക്കാലം. ഇന്ന് തെക്കൻ-മധ്യ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത നിലനില്‍ക്കുന്നത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തിങ്കൾ മുതല്‍ മഴ കനക്കും എന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ അടുത്ത ആഴ്ച ന്യൂനമര്‍ദ്ദം രൂപമെടുത്തേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ടായിരിക്കും. കഴിഞ്ഞ രാത്രി പെയ്ത അതിതീവ്രമഴയുടെ അന്തരീക്ഷം പത്തനംതിട്ടയിൽ ഇപ്പോഴും തുടരുകയാണ്.
പമ്പയാറ്റിൽ വെള്ളമില്ലാതെ ആറന്മുള ഉത്രട്ടാതി ജലമേളയുടെ നടത്തിപ്പ് പോലും ഒരിടക്ക് പ്രതിസന്ധിയിലായിരിക്കെയാണ്
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ മലയോരമേഖലയിൽ കനത്ത മഴ പെയ്തത്. ഇന്നലെ രാത്രി ലഘു മേഘ വിസ്പോടനം നടന്നെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കക്കിയിൽ 22.5 സെന്റി മീറ്റര്‍ മഴ രേഖപ്പെടുത്തി. അത്തിക്കയത്ത് 16 സെന്റി മീറ്ററും ആങ്ങമുഴിയിൽ 14.7 സെന്റി മീറ്ററും മഴ ലഭിച്ചു. മലയോര മേഖലയിൽ കനത്ത മഴ പെയ്യുന്നതിനാൽ ഗവിയിലേക്കുള്ള ഗതാഗതം നിയന്ത്രണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam