
നിലമ്പൂർ: കനത്ത മഴയിലും ഉരുൾപൊട്ടലിലും ദുരന്തഭൂമിയായി മാറിയ കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കവളപ്പാറയിൽ സൈനികന്റെ അടക്കം രണ്ട് മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഇതുവരെ 40 മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്തിയത്. ഇനി 19 പേർക്കായുള്ള തെരച്ചിലാണ് നടക്കുക. പുത്തുമലയിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തെരച്ചിലിൽ ഒരാളെപ്പോലും കണ്ടെത്താനായില്ല. ഇനി ഏഴ് പേരെയാണ് പുത്തുമലയിൽ കണ്ടെത്താനുള്ളത്. 115 പേരാണ് സംസ്ഥാനത്താകെ മഴക്കെടുതിയിൽ മരിച്ചത്.
കവളപ്പാറയിൽ മണ്ണിനടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിൽ നടക്കും. ഇതിലൂടെ മൃതദേഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനാകുമെന്ന് ഹൈദരാബാദിൽ നിന്ന് എത്തിയ ശാസ്ത്രജ്ഞർ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളിൽ പരിമിതിയുണ്ട്, എങ്കിലും മണ്ണിനടയിലെ പ്രതലം ചിത്രീകരിക്കാൻ റഡാറിനാകും. പരമാവധി ശ്രമം നടത്തുമെന്ന് ശാസ്ത്രജ്ഞൻ ഡോ. രത്നാകർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam