കേരളത്തെ അറിയുന്ന, കശ്മീരിനെ നിയന്ത്രിക്കുന്ന... രണ്ട് പേര്‍

By Web TeamFirst Published Aug 17, 2019, 9:53 PM IST
Highlights

ജമ്മു കശ്മീരിന്‍റെ വിധി നിശ്ചയിക്കുന്നതും അതിനെ ഇപ്പോള്‍ നയിക്കുന്നതും രണ്ട് മുന്‍ഐപിഎസ് ഉദ്യോഗസ്ഥരാണ്. അവരുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് കശ്‍മീരില്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ ഈ രണ്ട് പേര്‍ക്കും കേരളവുമായി അടുത്ത ചില ബന്ധങ്ങളുമുണ്ട്....  ശ്രീനഗറില്‍ നിന്നും പ്രശാന്ത് രഘുവംശം റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം സംസ്ഥാനത്തിന്‍റെ നിയന്ത്രണം പ്രധാനമന്ത്രിയുടെ വിശ്വസ്തരായ ചില ഉദ്യോഗസ്ഥർക്കാണ്. ഇതിൽ രണ്ടു പേർക്ക് കേരളവുമായുള്ളത് അടുത്ത ബന്ധമാണ്. അജിത്ത് ഡോവലും വിജയകുമാറുമാണ് ആ രണ്ടു പേര്‍. 
 
ജമ്മുകശ്മീരിൽ ഗവർണ്ണർ സത്യപാൽ മാലിക്കാണ് ഭരണത്തലവൻ. ഗവർണ്ണറെ സംസ്ഥാനഭരണകൂടമായി കണ്ടാണ് 370ആം അനുച്ഛേദം എടുത്തുകളയാനുള്ള തീരുമാനം പാർലമെൻറ് കൈക്കൊണ്ടത്. എന്നാൽ ഗവർണ്ണർ മുന്നിൽ നില്ക്കുമ്പോൾ തന്നെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം സംസ്ഥാനത്തെ ഭരണവും സുരക്ഷയും പ്രധാനമായും നിയന്ത്രിക്കുന്നത് രണ്ട് ഉദ്യോഗസ്ഥരാണ്. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഗവർണ്ണറുടെ ഉപദേഷ്ടാവായ കെ വിജയകുമാറും. രണ്ടു പേർക്കും കേരളവുമായി ബന്ധം. അജിത് ഡോവൽ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 15 വര്‍ഷം കേരള കേഡറില്‍ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം കേന്ദ്രസര്‍വ്വീസിലേക്ക് പോയത്. പിന്‍ക്കാലത്ത്ഇന്ത്യൻ രഹസ്യാന്വേഷണ സംവിധാനത്തിലെ ശ്രദ്ധേയമുഖമായി അദ്ദേഹം മാറി. രഹസ്യദൗത്യവുമായി പാകിസ്ഥാനിൽ ഉൾപ്പടെ  വേഷം മാറി കഴിഞ്ഞ ഡോവല്‍ ഇപ്പോൾ ജനവിശ്വാസം വീണ്ടെടുക്കാൻ ഡോവൽ കശ്മീരിലെ റോഡുകളില്‍ പോലും പ്രത്യക്ഷപ്പെടുന്നു. 

മലയാളിയായ കെ വിജയകുമാർ പാലക്കാട് സ്വദേശിയാണ്. തമിഴ്നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച സംഘത്തിന്‍റെ തലവന്‍ എന്ന നിലയിലാണ് പ്രശസ്തനായത്. നിലവില്‍ ജമ്മുകശ്മീർ ഗവർണ്ണറുടെ ഉപദേശനാണ് വിജയകുമാർ. സംസ്ഥാനത്ത് ഇൻഫർമേഷൻ വിഭാഗത്തെ ഉൾപ്പടെ ഇപ്പോൾ നിയന്ത്രിക്കുന്നത് വിജയകുമാറാണ്. മീഡിയ സെന്‍ററില്‍ ഇൻറർനെറ്റ് സൗകര്യം നിയന്ത്രിതമായെങ്കിലും അനുവദിച്ചത് വിജയകുമാറിൻറെ നിർദ്ദേശപ്രകാരമാണെന്നാണ് സൂചന. 

ഒക്ടോബര്‍ 31-ന് ജമ്മു കശ്മീര്‍ ഔദ്യോഗികമായി കേന്ദ്രഭരണപ്രദേശമായി മാറുമ്പോള്‍ പ്രഥമ ലെഫ്നന്‍റ ഗവണറായി വിജയകുമാറിന്‍റെ പേരാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. മാധ്യമങ്ങളിൽ നിന്ന് മാറി നിന്നാണ് ഈ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ. അതേസമയം കേന്ദ്രസര്‍ക്കാരിന്‍റേയും പ്രധാനമന്ത്രിയുടെ ഓഫീസിന്‍റേയും സാന്നിധ്യം ജമ്മുകശ്മീരിൽ ഉറപ്പാക്കാനും ഈ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നു. 

click me!