
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴക്കെടുതിയുടെ ദുരിതവും വർധിക്കുന്നു. മഴയിൽ കാസർകോട് പുത്തിഗെയിൽ സ്കൂൾ പരിസരത്ത് നിന്ന മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. സംസ്ഥാനത്താകെ നിരവധി മേഖലകളിൽ കാര്യമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളത്ത് റെഡ് അലേർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. നാളെയാകട്ടെ രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 2 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടായിരിക്കും. എറണാകുളത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധിയും കാസർകോട് കോളേജുകൾക്ക് ഒഴികെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട് ദുരന്തം വിതച്ച് കനത്തമഴ
കാസര്‍കോട് അംഗടിമുഗറില്‍ കനത്ത കാറ്റും മഴയും ദുരന്തമായി മാറി. ഇവിടുത്തെ സ്കൂള്‍ കോമ്പൗണ്ടിലെ മരം വീണ് വിദ്യാർഥിനിക്ക് ജീവൻ നഷ്ടമായി. അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര‍്ത്ഥിനി ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. 11 വയസായിരുന്നു. പെര്‍ളാട സ്വദേശിനി രിഫാനയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം സ്കൂള്‍ വിട്ട ഉടനെയാണ് അത്യാഹിതം. ബസിനടുത്തേക്ക് പോകാനായി മിന്‍ഹയും രിഫാനയും സ്കൂളിലെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ ഉള്ള് പൊള്ളയായ മരം പൊട്ടി വീഴുകയായിരുന്നു. വൈദ്യുത ലൈനിലേക്ക് മരം വീണെങ്കിലും ഉടന്‍ വൈദ്യുത ബന്ധം വിഛേദിച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി.
ജില്ലകളിലെല്ലാം അതിശക്ത മഴ
റെഡ് അലർട്ട് പ്രഖ്യാപിച്ച എറണാകുളത്ത് രാവിലെ മുതൽ മഴ ശക്തമായിരുന്നു. ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ ഭീഷണി തുടരുന്ന മേഖലയിലുള്ളവരോട് മാറി താമസിക്കാനും നിർദ്ദേശം നൽകി. ചെല്ലാനം മേഖലയിൽ ടെട്രാപോഡ് കടൽഭിത്തി വന്നതിനാൽ കാര്യമായ പ്രശ്നങ്ങളില്ല. എന്നാൽ നായരമ്പലം പുളിയത്താം പറമ്പ് ഭാഗത്ത് ഉണ്ടായ കടലാക്രമണത്തിൽ വീടുകളിലേക്ക് വെള്ളം കയറി. ജിയോ ബാഗ്, മണൽ ചാക്കുകൾ എന്നിവ തകർന്നതോടെയാണ് വെള്ളം ശക്തിയായി ഇരച്ചെത്തിയത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷന് സമീപം മരത്തിന്‍റെ ഒറു ഭാഗം മറിഞ്ഞ് വീണ് രണ്ട് കാറുകൾക്ക് കേടുപാട് പറ്റി. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനത്തിനാണ് കേടുപാട് പറ്റിയത്. കൊച്ചി നഗരത്തിൽ കാര്യമായ വെള്ളക്കെട്ട് നിലവിലില്ല. കഴിഞ്ഞ മണിക്കൂറുകളിൽ ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. തലസ്ഥാന ജില്ലയിലടക്കം ഇന്ന് ശക്തമായ മഴ ലഭിച്ചിരുന്നു. രാത്രിയും വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്.
നാളെ അവധി
എറണാകുളം, കാസർകോട് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ) അവധിയായിരിക്കും. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടർ വ്യക്തമാക്കി. അതേസമയം കാസർകോട് ജില്ലയിലെ കോളേജുകൾക്ക് അവധിയുണ്ടായിരിക്കില്ല. ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കായിരിക്കും അവധി ബാധകമെന്ന് കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ വ്യക്തമാക്കി.
നാളത്തെ അലർട്ട്
നാളെ 2 ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ ജാഗ്രതയായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...