
തൃശൂർ: തൃശൂരിൽ ഉച്ചയ്ക്ക് ശേഷം മഴ കനത്തതോടെ ജില്ലയിൽ അതീവ ജാഗ്രത നിർദേശം. പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞതോടെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു. ചിന്മിനി ഡാമിന്റെ ഷട്ടർ ഉയർത്തിയതോടെ കരുവന്നൂർ, കുറുമാലി പുഴകളിൽ ജലനിരപ്പ് ഉയർന്നു.
രാവിലെ മുതൽ ചാലക്കുടി ഉൾപ്പെടെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും മഴ മാറി നിന്നതോടെ സ്ഥിതി ശാന്തമായിരുന്നു. ഉച്ചയോടെയാണ് മഴ വീണ്ടും കനത്തത്. പുതുക്കാട് വടക്കേ തൊറവിൽ മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലായി. മൂന്ന് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൂർ പഞ്ചായത്തിലെ കോക്കാത്ത് കോളനി, ചിറ്റകുന്ന് പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.
ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി 10 സെ. മീ വരെ ഉയർത്തി. ഇതോടെ കരുവന്നൂർ, കുറുമാലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. മണലി പുഴയിൽ മുന്നറിയിപ്പ് ലെവലിന് മുകളിൽ വെള്ളം കയറി, കരുവന്നൂർ പുഴയുടെ വാഴക്കോട് സ്റ്റേഷനിലും വെള്ളം കയറി. ഭാരതപ്പുഴയുടെ തീരത്തെ തിരുവില്വാമല, പാഞ്ഞാൾ, കൊണ്ടാഴി പഞ്ചായത്തുകളിലും സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മഴ ഉണ്ടെങ്കിലും ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നിട്ടില്ല.
മഴ ശക്തമായതോടെ കുന്നംകുളം നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങി. 20 ഓളം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വാർഡിലും വെള്ളം കയറി. കൊടുങ്ങല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ടെങ്കിലും നിലവിൽ കൊടുങ്ങല്ലൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam