കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതം നിരോധിച്ചു; സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും

Published : May 27, 2025, 09:58 PM IST
കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതം നിരോധിച്ചു; സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും

Synopsis

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണുണ്ടായത്. നാലു ദിവസത്തിനിടെ 242.74 ഹെക്ടർ കൃഷിയാണ് വയനാട്ടിൽ മാത്രം നശിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. മരം കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു. വെള്ളം കയറി കണ്ണൂരും വയനാടുമടക്കം കോടികളുടെ കൃഷിനാശമാണുണ്ടായത്. പലയിടത്തും ഗതാഗത തടസമുണ്ടായി. വയനാട് ,കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലുണ്ടായി. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് പാൽച്ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നെടുംപൊയിൽ പേര്യ ചുരം വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ഇന്ന് രാത്രിയോടെയാണ് പാൽച്ചുരത്തിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്. 

കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഇത് വഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു.  വാഹനങ്ങൾ  പേരിയ ചുരം-നിടുംപൊയിൽ റോഡ് വഴി പോകേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തൃശൂർ ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു. ഇന്ന് രാവിലെയായിരുന്നു തൃശ്ശൂര്‍ ചേരുംകുഴി മുരുക്കുംകുണ്ടിൽ കുളത്തിൽ വീണ് 10 വയസ്സുകാരന്‍ മരിച്ചത്. നീർച്ചാൽ വീട്ടിൽ സുരേഷിന്‍റെ രണ്ട് മക്കളും കുളത്തിന് സമീപം നിൽക്കുമ്പോൾ സരുൺ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. പാലക്കാട്ട് തേങ്കുറുശ്ശിയില്‍ തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ രമേശ് രാമന്‍കുട്ടിയും വയനാട്ടില്‍ മരത്തടിയുമായി തെന്നിവീണ് കാട്ടിമൂല പുളിക്കൽ ജോബിഷും മരിച്ചു.

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണുണ്ടായത്. തൃശ്ശൂര്‍ നെല്ലുവായി, കടന്പോട് എന്നിവിടങ്ങളില്‍ മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു. മലയോര മേഖലകളില്‍ മഴ തുടരുന്ന പത്തനംതിട്ടയിലെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അരയാഞ്ഞിലിമൺ കോസ്‌വേയിൽ വെള്ളം കയറി ഗതാഗതവും തടസപ്പെട്ടു. ആദിവാസി ഊരുകളിലേക്കുൾപ്പടെ യാത്ര ദുഷ്കരമായി. വയനാട്ടില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. 15 ക്യാന്പുകളിലായി 592 പേരെയാണ് ജില്ലയിൽ മാറ്റിത്താമസിപ്പിച്ചത്. 4 ദിവസത്തിനിടെ 242.74 ഹെക്ടർ കൃഷിയാണ് ജില്ലയില്‍ നശിച്ചത്. ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വാളാട് വലിയകൊല്ലിയിൽ കൃഷിനാശം ഉണ്ടായി. പനമരത്ത് പഴയപാലത്തിന് സമീപം മണ്ണിടിഞ്ഞത് കൂടുതല്‍ അപകടാവസ്ഥയ്ക്ക് വഴിവെച്ചു. എടഗുനിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. 

കോഴിക്കോട് വടകരയില്‍ ചുഴലിക്കാറ്റില്‍ മരങ്ങള്‍ വീണ് വില്ല്യാപ്പള്ളി അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രം തകര്‍ന്നു. സംഭവം നടക്കുന്പോള്‍ ക്ഷേത്രത്തിലും
പരിസരത്തും ആളുകൾ ഇല്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. കണ്ണൂരിൽ ഒരാഴ്ചയ്ക്കിടെ നാലര കോടിയോളം രൂപയുടെ കൃഷിനാശം ഉണ്ടായി. 4619 കർഷകരെ മഴക്കെടുതി ബാധിച്ചു. പാലക്കാട് അട്ടപ്പാടിയിൽ മരം വീണ് വീട് തകര്‍ന്നു. പട്ടാന്പി ഭാരതപ്പുഴയില്‍ ഒഴുക്ക് വർധിച്ചതോടെ പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെച്ചു. ആലപ്പുഴ തോണ്ടൻ കുളങ്ങരയിൽ ശക്തമായ കാറ്റിൽ മരം വീണ് കാർ പോർച്ച് തകർന്നു. 
അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ മരം റോഡിലേക്ക് കടപുഴകിവീണ് ഗതാഗത തടസ്സമുണ്ടായി. കട്ടപ്പന എറണാകുളം സംസ്ഥാന പാതയിൽ ചുരുളിക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കാസർകോട് വിദ്യാനഗർ ജില്ലാ പഞ്ചായത്ത്‌ ഓഫീസിനു മുൻവശത്ത് ഓടിക്കൊണ്ടിണ്ടുരുന്ന കാറിന് മുകളിൽ മരം പൊട്ടിവീണു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മരത്തോടൊപ്പം വൈദ്യുതി ലൈൻ അടക്കം പൊട്ടി കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കൊല്ലം ഏരൂരിലും എറണാകുളം കോതമംഗലത്തും മരങ്ങൾ വീണ് വീടുകള്‍ തകര്‍ന്നു.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി