കാലവർഷം: 6 ദിവസത്തിൽ 35 മരണമെന്ന് സർക്കാ‍ർ; കോട്ടയത്ത് 13, ഇടുക്കിയിൽ 9, കല്ലാറില്‍ യുവാവ് മുങ്ങി മരിച്ചു

By Web TeamFirst Published Oct 17, 2021, 7:22 PM IST
Highlights

 കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ  സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ മഴക്കെടുതിയില്‍  35 പേർ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍. കോട്ടയത്ത് 13 പേരും (KOTTAYAM) ഇടുക്കിയില്‍ ഒന്‍പതും (IDUKKI) മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്.

ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനിടെ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ  സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. വൈകീട്ട് 5.30 ഓടെയാണ് സംഭവം. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവർ കുടുംബസമേതം പൊന്മുടിയിലേക്ക് വന്നതാണെന്നാണ് വിവരം. വിലക്കിനെ തുടർന്ന് പൊന്മുടിയിലേക്ക് കയറ്റിവിട്ടിരുന്നില്ല. പിന്നീട് തിരിച്ചുവന്ന് ചെക്ക്ഡാമിൽ കുളിക്കാൻ ഇറങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്.  

അറബിക്കടലിലെ ന്യൂനമർദ്ദം ദുർബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ തുലാവർഷത്തിന് മുന്നോടിയായിയുള്ള കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ കനക്കും. ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. പാലക്കാട്, തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട മേഖലകളിൽ ഇപ്പോഴും മഴമേഘങ്ങളുണ്ട്. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇനിയും മഴ തുടർന്നാൽ സ്ഥിതി വഷളാകും. 

കെഎസ്ഇബിയുടെ കക്കി, ഷോളയാർ, പെരിങ്ങൽകൂത്ത്, കുണ്ടള, കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ ഡാമുകളിലാണ് നിലവിൽ റെഡ് അലർട്ടുള്ളത്. ജലസേചന വകുപ്പിന്റെ പീച്ചി, ചുള്ളിയാർ ഡാമുകളിലും റെഡ് അലർട്ടാണ്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലും ജാഗ്രത വേണം. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. വ്യാഴാഴ്ച വരെ ശക്തമായ കാറ്റ് വീശുമെന്നതിനാൽ അപകടമേഖലകളിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണം.  

click me!