കവളപ്പാറയിൽ ദുരന്തമൊഴുകിയെത്തിയിട്ട് ഒരാഴ്ച: ഒരു മൃതദേഹം കൂടി കണ്ടെത്തി; 28 പേർ ഇനിയും മണ്ണിനടിയിൽ

By Web TeamFirst Published Aug 15, 2019, 10:35 AM IST
Highlights

കവളപ്പാറയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് മരിച്ചവരുടെ എണ്ണം 31 ആയി. 

മലപ്പുറം: വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും മണ്ണിനടിയിൽപെട്ടവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കമല (55) യുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് മരിച്ചവരുടെ എണ്ണം 31 ആയി. ഇനി 28 പേരെയാണ് മണ്ണിനടിയിൽ നിന്ന് കണ്ടെത്താനുള്ളത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 104 ആയി. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പൻകുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണ് ഉൾപ്പെട്ടത്. ഏഴ് ദിവസം പിന്നിട്ട തെരച്ചിലിനൊടുവിൽ 31 പേരെയാണ് ആകെ കണ്ടെത്താനായത്. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദാരുണമായ കാഴ്ചകളും കവളപ്പാറയിൽ ഉണ്ടായിരുന്നു. നാൽപ്പത് വീടുകളെങ്കിലും മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്. ഇന്നലെ നടത്തിയ തെരച്ചിലില്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ നാല് പേരെ തിരിച്ചറിഞ്ഞു. ഭവ്യ, വിഷ്ണുപ്രിയ, ചക്കി, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 

അതേസമയം, അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയിൽ കാണാതായ ഏഴുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ബെൽജിയം മെൽ നോയിസ്‌ ഇനത്തിൽപ്പെട്ട നായ്ക്കളെ എത്തിച്ചാണ് പുത്തുമലയിൽ ഇന്ന് തെരച്ചിൽ നടത്തുന്നത്. എറണാകുളത്തെ സ്വകാര്യ ഏജൻസിയാണ് നായ്ക്കളെ എത്തിച്ചത്. ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും പുത്തുമലയിൽ ഏഴ് പേർ ഇനിയും മണ്ണിനടിയിലാണ്. തുടർച്ചയായ മൂന്നാം ദിവസത്തെ തെരച്ചിലിലും ഇവിടെ നിന്ന് ആരെയും കണ്ടത്താനായില്ല. 

click me!