
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് (Kerala Rains) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും യെല്ലോ അലർട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
20-10-2021 മുതൽ 22-10-2021 വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡാമുകൾ തുറന്നു
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകൾ തുറന്ന് തുടങ്ങി. ഇടുക്കി ചെറുതോണി അണക്കെട്ടും പമ്പ അണക്കെട്ടും ഇടമലയാറും ഇന്ന് തുറന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറന്നത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. പിന്നാലെ നീരൊഴുക്ക് പരിഗണിച്ച് ഒരുമണിക്കൂറോളം പിന്നിട്ട ശേഷം നാലാമത്തെ ഷട്ടര്‍ തുറന്നു. ഇതിനെ പിന്നാലെ രണ്ടാം നമ്പര്‍ ഷട്ടറും തുറന്നത്. ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇടുക്കി ഡാം തുറക്കുന്നതിനു മുൻപ് മുൻകരുതലായാണ് ഇടമലയാർ ഡാം തുറന്നത്. ഡാമിന്റെ രണ്ടു ഷട്ടറുകൾ 80 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. ആശങ്കയുടെ സാഹചര്യം ഇല്ലെങ്കിലും നദി തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡാം മാനേജ്മെന്റിൽ 2018 ലെ മഹാ അബദ്ധങ്ങൾ ആവർത്തിക്കരുത്: വിഡി സതീശൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam