
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവനും സർക്കാരും. ഭാരതാംബയും നിലവിളക്കും തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. വിഷയം സർക്കാർ രാഷ്ട്രീയവത്കരിച്ചെന്നും വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നത് സർക്കാരാണെന്നും ഇന്നലെ ഇംഗ്ലീഷ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗവർണർ ആരോപിച്ചിരുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ ഇറങ്ങിപ്പോക്കിൽ രാജ്ഭവന് കടുത്ത അതൃപ്തിയുണ്ട്. മന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകാൻ രാജ്ഭവൻ നീക്കമുണ്ട്. അതിനിടെ ഔദ്യോഗിക ചടങ്ങുകളിൽ ചിത്രം വെക്കുന്നതിന് തടയിടാനുള്ള നിയമസാധുത തേടുകയാണ് സർക്കാർ. നിയമവകുപ്പ് നിലപാട് അറിഞ്ഞശേഷം രാജ്ഭവനെ ഔദ്യോഗികമായി എതിർപ്പ് അറിയിക്കാനാണ് നീക്കം.
വിഷയത്തിൽ ഇന്നും പ്രതിഷേധങ്ങൾ തുടരും. സിഐടിയു ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ നിലപാടിനെതിരെ ഇന്ന് ബിജെപിയും പ്രതിഷേധിക്കും. സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ഭാരതാംബയുടെ ചിത്രം വച്ച് നിലവിളക്ക് കത്തിച്ച് പുഷ്പാർച്ചന നടത്തി പ്രതിഷേധം നടത്താനാണ് ബിജെപി തീരുമാനം.
വിവാദത്തിൽ ഗവർണർക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ഇന്നലെ രംഗത്ത് വന്നിരുന്നു. ആർഎസ്‌എസ് കാര്യവാഹകനായല്ല, ഗവർണറായി വേണം അർലേക്കർ പെരുമാറാനെന്ന് ബേബി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കുന്നില്ലെന്ന ആക്ഷേപവും ബേബി തള്ളി. തലശ്ശേരി കലാപത്തിൽ ആർഎസ്‌എസിനെ നേരിട്ട്, കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയ പിണറായിക്ക് ഇതൊന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നും ബേബി ചെന്നൈയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam