ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്പെടും

By Web TeamFirst Published Oct 4, 2022, 11:21 AM IST
Highlights

ഇന്ന് എറണാകുളം, ആലപ്പുഴ, തൃശൂർ, വയനാട്,കോഴിക്കോട് പാലക്കാട്‌, മലപ്പുറം,കോട്ടയം ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് സമീപം ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഈ ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതൽ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് എറണാകുളം, ആലപ്പുഴ, തൃശൂർ, വയനാട്,കോഴിക്കോട് പാലക്കാട്‌, മലപ്പുറം,കോട്ടയം ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ്  മഴയ്ക്ക് കൂടുതൽ സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. 

പൊന്മുടി പൂർണമായി ഒറ്റപ്പെട്ട നിലയിൽ 

തിരുവനന്തപുരം: കനത്ത മഴയിൽ റോഡ് തകർന്നതോടെ പൊന്മുടി പൂർണമായി ഒറ്റപ്പെട്ട നിലയിൽ. പന്ത്രണ്ടാം വളവിൽ നേരത്തെ റോഡ് തകർന്ന ഭാഗത്ത്, റോഡ് പണി  തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ പന്ത്രണ്ടാം വളവിന് അപ്പുറത്തേക്ക് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.  കഴിഞ്ഞ രണ്ട് ദിവസമായി പൊന്മുടി ഭാഗത്ത് മഴ കിട്ടിയിരിരുന്നു. റോഡ് തകർന്നിരുന്നതിനാൽ പൊന്മുടിയിലേക്ക് വിനോദസഞ്ചാരികളെ നേരത്തെ തന്നെ അനുവദിച്ചിരുന്നില്ല.

click me!