
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു. കൊവിഡ് മാനേജ്‌മെന്റില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി കാസ്പ് പദ്ധതിയുടെ ഓണ്‍ലൈന്‍ പ്ലാറ്റഫോമായ ട്രാന്‍സാക്ഷന്‍ മാനേജ്മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാര്‍ഡ് ലഭിച്ചത്. നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സമ്മിറ്റില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു.
കൊവിഡ് കാലത്ത് കേരളം നടത്തിയ മികച്ച ഇ സഞ്ജീവനി ടെലി മെഡിസിന്‍ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊവിഡ് കാലത്ത് ആശുപത്രിയിൽ തിരിക്ക് കുറയ്ക്കുന്നതിനും ജനങ്ങള്‍ക്ക് മികച്ച ചികിത്സയും തുടര്‍ ചികിത്സയും നല്‍കാനായി. ഇതുവരെ 2.9 ലക്ഷം പേര്‍ക്കാണ് ഇ സഞ്ജീവനി വഴി ചികിത്സ നല്‍കിയത്. 47 സ്‌പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് മാത്രമാണ് കോവിഡ് ഒപി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്.
കാരുണ്യ ബെനവലന്റ് ഫണ്ട് കാസ്പിന്റെ ട്രാന്‍സാക്ഷന്‍ മാനേജ്മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിലൂടെ കാസ്പ് പദ്ധതിയുടെ ചികിത്സ ലഭ്യമാകുന്നതാണ്. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ എംപാനല്‍ ആയിട്ടുള്ള എല്ലാ ആശുപത്രികളില്‍ നിന്നും ഈ പദ്ധതിയില്‍ ലഭ്യമായിട്ടുള്ള എല്ലാ ചികിത്സ സൗകര്യങ്ങളും ബനവലന്റ് ഫണ്ട് പദ്ധതിയിലും ലഭ്യമാക്കിയിട്ടുണ്ട്. 10,000 ഓളം ഗുണഭോക്താക്കള്‍ക്ക് 64 കോടി രൂപയുടെ ചികിത്സ സഹായം ബനവലന്റ് ഫണ്ട് പദ്ധതിയിലൂടെ നല്‍കാന്‍ ഈ സംയോജനം വഴി സാധിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam