
തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കുറച്ച് കേരളം. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച ഫീസുകൾ ആണ് സംസ്ഥാനം കുറച്ചത്. തീരുമാനം യൂസ്ഡ് കാർ വിപണിക്ക് അടക്കം ഗുണമാകും.
ഫിറ്റ്‌നസ് പരിശോധനാ സെന്‍ററുകളെല്ലാം സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ടെസ്റ്റിങ് സെന്‍ററുകൾ ഇതിനകം സ്വകാര്യവത്കരിക്കപ്പെട്ടു. പരിശോധിക്കാതെ തന്നെ ഫിറ്റ്‍നസ് നൽകുന്ന സംഭവങ്ങൾ ഇവിടെയുണ്ടായി. കേരളം ഇതുവരെ ഫിറ്റ്നസ് സെന്‍റർ സ്വകാര്യവത്കരിക്കുന്നതിലേക്ക് പോയിട്ടില്ല. വൻകിട സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് ഫിറ്റ്നസ് പരിശോധനയ്ക്കുള്ള ഫീസ് കേന്ദ്രം കൂട്ടിയത് എന്നായിരുന്നു കേരളത്തിന്‍റെ നിലപാട്.
ഇരട്ടിയിലധികമാണ് കേന്ദ്ര സർക്കാർ ഫീസ് കൂട്ടിയത്. മന്ത്രി ഗണേഷ് കുമാർ നേരിട്ടുതന്നെ കേന്ദ്ര സർക്കാരിനെ സമീപിച്ച് ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിനാൽ സംസ്ഥാന സർക്കാർ സ്വയം തീരുമാനമെടുത്ത് ഫീസ് കുറയ്ക്കാനുള്ള വിജ്ഞാപനം ഇറക്കി. ഉദാഹരണമായി ഇരുചക്ര വാഹനങ്ങൾക്ക് 800 രൂപയാണ് കേന്ദ്രം നിശ്ചയിച്ചിരുന്നത്. കേരളം അത് 400 ആക്കി കുറച്ചു. കേരളത്തിൽ യൂസ്ഡ് വാഹന വിപണി സജീവമാണ്. ഈ സാഹചര്യത്തിലാണ് ഫിറ്റ്നസ്‍ ഫീസ് കുറച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam