
ഇടുക്കി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരുവനന്തപുരത്ത് സംസാരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണെന്നും വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെളളാപ്പള്ളി ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ വർഗീയതക്കെതിരായ നിലപാടിൽ വെള്ളം ചേർക്കില്ലെന്നും കൂട്ടിച്ചേർത്തു. വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു കിടക്കും. പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
വിദ്വേഷ പ്രചാരണം ആര് നടത്തിയാലും എതിർക്കുമെന്നും വെള്ളാപ്പള്ളിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. വ്യക്തിപരമായ പരാമർശങ്ങൾക്ക് മറുപടിയില്ല. സമുദായ നേതാക്കളെ ക്കുറിച്ച് മോശം വാക്കുകൾ പറയാറില്ല. വിദ്വേഷ പ്രചാരണം ആര് നടത്തിയാലും എതിർക്കും. താൻ പറയുന്നത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. വർഗീയ പരാമർശം നടത്തിയ ആളെ പൊന്നാട അണിയിക്കരുതെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ തോറ്റാലും മതേതര നിലപാടിൽ ഉറച്ചു നിൽക്കും. വർഗീയതയുമായി സന്ധി ചെയ്യില്ല.
വെള്ളാപ്പള്ളി എന്തിന് തന്നെ ലക്ഷ്യം വെക്കുന്നു എന്നറിയില്ല, പണ്ടും തനിക്കെതിരെ സംസാരിച്ചിട്ടുണ്ട്. വ്യക്തിപരമായി എങ്ങനെയൊക്കെ അധിക്ഷേപിച്ചാലും അതിനൊന്നും മറുപടിയില്ല. എസ്എൻഡിപി എൻഎസ്എസ് തർക്കത്തിൽ ലീഗിന് എന്താണ് റോൾ എന്നും വിഡി സതീശൻ ചോദിച്ചു. ഐക്യ ശ്രമത്തിന് എതിരല്ല, എല്ലാവരും ഒന്നിക്കട്ടെ. എൻഎസ്എസ്-എസ്എൻഡിപി ഐക്യം നല്ലതാണ്. സിപിഎമ്മിന്റെ ഉപകരണമായി വെള്ളാപ്പള്ളി മാറരുത്. നായാടി മുതൽ നസ്രാണി വരെ പുതിയ മുദ്രാവാക്യമല്ല. കേരളത്തിൽ മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ കഴിയില്ല. കോൺഗ്രസ് നേതൃത്വത്തിന് ഒരേ നിലപാടാണുള്ളത്. എല്ലാവരും നിൽക്കുന്നത് വർഗീയതയ്‌ക്കെതിരെയാണ്. എൻഎസ്എസ് വർഗീയ നിലപാടിനെ പിന്തുണച്ചിട്ടില്ലെന്നും സുകുമാരൻ നായർ വർഗീയത പറഞ്ഞിട്ടില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam