
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചത്.
തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കുന്നതാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഈ മാര്‍ഗരേഖ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
വേനല്‍ കാലത്ത് വെള്ളത്തിന്റെ അളവ് കുറയുയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും. ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.
Read More : സംസ്ഥാനത്ത് വീണ്ടും നിപ മരണം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam