
കൊച്ചി:ലോക്സഭാ തെരഞ്ഞെടുപ്പിൽ പിടിയും പോത്തും വിളമ്പി കോട്ടയത്തെ യുഡിഎഫ് വിജയം ആഘോഷിച്ച കൗണ്‍സിലറെ അയോഗ്യനാക്കാന്‍ നടപടി തുടങ്ങി കേരള കോണ്‍ഗ്രസ് (എം). പിറവത്തെ സ്വന്തം പാര്‍ട്ടിക്കാരനായ കൗൺസിലർ ജിൽസ് പെരിയപ്പുറത്തിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ആഘോഷിച്ചതടക്കുള്ള പ്രവർത്തനങ്ങൾ ജിൽസ് സ്വയം പാർട്ടിയിൽ നിന്ന് പിൻമാറിയെന്നാണ് കാണിക്കുന്നതെന്നും ഈ സാഹചര്യത്തിൽ കൂറുമാറിയതായി കണക്കാക്കി അയോഗ്യനായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം.
കോട്ടയത്ത് ചാഴികാടന്‍ തോറ്റപ്പോള്‍ പിറവത്ത് പോത്തും പിടിയും വിളമ്പിയാണ് ഇടത് കൗണ്‍സിലര്‍ ജില്‍സ് ആഘോഷിച്ചത്. രണ്ടില ചിഹ്നത്തില്‍ ജയിച്ച് കൗണ്‍സിലറായ ശേഷം പൊതുതിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരായ ജില്‍സിന്‍റെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു മാണി ഗ്രൂപ്പ്. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് പാര്‍ട്ടിക്കിട്ട് പണിഞ്ഞ ജില്‍സിന് തിരിച്ചൊരു പണി കൊടുക്കാനുളള മാണി ഗ്രൂപ്പിന്‍റെ തീരുമാനം.
ജില്‍സിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് മാണി ഗ്രൂപ്പ് ജില്ലാ പ്രസിഡന്‍റ് ടോമി ജോസഫ് ആണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.മാണി ഗ്രൂപ്പിന്‍റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചാല്‍ പിറവം നഗരസഭയിലെ ഇടതുമുന്നണി ഭരണം തന്നെ താഴെ പോകാനും സാധ്യതയുണ്ട്. ഭരണം പോയാലും വേണ്ടില്ല പോത്തും പിടിയും വിളമ്പിയവന്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്ന തീരുമാനത്തിലാണ് മാണി ഗ്രൂപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam