
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ഫെറി ആയ കേരള ജലഗതാഗത വകുപ്പിന്റെ സ്വന്തം ആദിത്യയ്ക്ക് അന്തര്‍ദേശീയ അംഗീകാരം. അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന ഗുസ്താവ് ട്രോവ് ബഹുമതിയാണ് ആദിത്യക്ക് ലഭിച്ചത്. പണം സ്വീകരിച്ചുകൊണ്ടുള്ള യാത്ര സേവനം നല്‍കുന്ന ലോകത്തെ ഏറ്റവും മികച്ച വൈദ്യുത ബോട്ട് എന്ന അംഗീകാരമാണ് ആദിത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ അവാര്‍ഡിനായി ഏഷ്യയില്‍ നിന്ന് പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുത ഫെറിയാണ് ആദിത്യ.
സോളാര്‍ ഫെറി വൈക്കം മുതല്‍ തവണക്കടവ് വരെ 3 കി.മീ. ദൂരത്തിലാണ് സര്‍വീസ് നടത്തുന്നത്. 3 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ആദിത്യ താണ്ടിയത് 70000 കിലോ മീറ്ററാണ്. സര്‍വീസ് നല്‍കിയത് 10 ലക്ഷത്തിലധികം യാത്രക്കാര്‍ക്കും ലാഭിച്ചത് ഒരു ലക്ഷത്തിലധികം ലിറ്റര്‍ ഡീസലുമാണ.് ഇതോടെ 75 ലക്ഷം രൂപ ലാഭിക്കാനും 280 ടണ്ണോളം കാര്‍ബണ്‍ ഡയോക്‌സൈഡ് ഉത്പാദനം കുറയ്ക്കാനും സാധിച്ചു.
ഒരു ഡീസല്‍ ഫെറി ഇത്രയും കാലം പ്രവര്‍ത്തിച്ചാലുള്ള ചിലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആദിത്യയ്ക്കുണ്ടായിരുന്ന അധികച്ചിലവ് ഈ വര്‍ഷത്തോടു കൂടി അവസാനിക്കുകയും സര്‍വീസ് ലാഭകരമാവുകയും ചെയ്തതായി കണക്കാക്കാന്‍ സാധിക്കും. ഒരു വര്‍ഷം ശരാശരി 25 ലക്ഷം രൂപ ലാഭമാണ് ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ നേടുന്നത്.
ലാഭകരമായ പൊതുഗതാഗത ഉപാധിയെന്നതോടൊപ്പം തന്നെ ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാത്ത ആദിത്യ ഇതിനോടകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നാല്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ കാലത്തിനിടയില്‍ ബോട്ട് സന്ദര്‍ശിക്കുകയും സമാന മാതൃക തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഉള്‍നാടന്‍ ജലാഗതഗതം കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകാന്‍ ഇന്ത്യയിലെ തന്നെ മറ്റു പല സംസ്ഥാനങ്ങളും കേരള സര്‍ക്കാര്‍ മുന്നോട്ടു വച്ച ഈ പദ്ധതി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam