സ്കൂൾ തുറക്കൽ; നേരിട്ട് പഠന ക്ലാസുകളിലേക്കില്ല, ആദ്യ ദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകള്‍

By Web TeamFirst Published Sep 30, 2021, 1:50 PM IST
Highlights

ആദ്യ മാസം ഹാജറും യൂണിഫോമും നിർബന്ധം ആക്കില്ല. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ ഒക്ടോബർ അഞ്ചിന് തയ്യാറാക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോള്‍ (school reopening) നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുക. പിന്നീട് പ്രത്യേക ഫോകസ്സ് ഏരിയ നിശ്ചയിച്ച് പഠിപ്പിക്കാനാണ് തീരുമാനം. ആദ്യ മാസം ഹാജറും യൂണിഫോമും നിർബന്ധം ആക്കില്ല.

വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം പദ്ധതി (ക്യൂഐപി) യോഗമാണ് തീരുമാനമെടുത്തത്. സ്കൂൾ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളിൽ ഹാപ്പിനെസ് കരിക്കുലം പഠിപ്പിക്കും. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട് ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ ഒക്ടോബർ അഞ്ചിന് തയ്യാറാക്കും.

അതേസമയം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ  എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും തീരുമാനിച്ചതായി മന്ത്രി ആൻറണി രാജു അറിയിച്ചു.

Also Read: സ്‍കൂള്‍ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി; സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ സാവകാശം

അതേസമയം, അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ അതിവേഗം ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നവംബ‍ർ ഒന്നിന് സ്കൂൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാക്സിനേഷൻ ഫോക്കസ് അധ്യാപകരിലേക്ക് മാറ്റിയിരുന്നു. മുൻകൂട്ടി രജിസ്ട്രേഷന്‍ ഇല്ലാതെ സ്കൂൾ ജീവനക്കാർ നേരിട്ടെത്തിയാൽ തിരിച്ചറിയൽ കാർഡ് വെച്ചാണ് വാക്സിൻ നൽകുന്നത്. സംസ്ഥാനത്തെ സ്കൂളുകളിലാകെ 165,000 ലധികം അധ്യാപകരും 20,000 ത്തോളം അനധ്യാപക ജീവനക്കാരുമാണുള്ളത്. അധ്യാപകരുടെ മാത്രം വാക്സിൻ 93 ശതമാനമെങ്കിലും പിന്നിട്ടെന്നാണ് കണക്ക്. ഇനിയുമെടുക്കാത്തവരുടെ കണക്കും സർക്കാരെടുക്കുന്നുണ്ട്.

Also Read:  അധ്യാപകരുടെ വാക്സിനേഷൻ ലക്ഷ്യത്തിലേക്ക്, കണക്കെടുക്കാൻ സർക്കാർ

 

 

click me!