സ്കൂൾ പ്രവൃത്തി ദിവസം: 205 ലേക്ക് പിൻവലിഞ്ഞ് സർക്കാർ, തീരുമാനം അധ്യാപക പ്രതിഷേധത്തിന് പിന്നാലെ

By Web TeamFirst Published Jun 7, 2023, 3:40 PM IST
Highlights

കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും. ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക. ഇത്തവണത്തെ പ്രവേശനോത്സവ പരിപാടി മലയിൻകീഴ് സ്കൂളിൽ നടക്കുമ്പോൾ അധ്യക്ഷ പ്രസംഗത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നതോടെയാണ് മുൻനിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. വിഷയത്തിൽ ഇന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ അധ്യാപക സംഘടനകളുടെ യോഗം ചേർന്നിരുന്നു.

എല്ലാവരുടെയും അഭിപ്രായം കേട്ട് സർക്കാർ വിശാല നിലപാട് സ്വീകരിക്കുകയാണെന്ന് യോഗത്തിന് ശേഷം മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. അധ്യയന ദിവസങ്ങൾ 210 ആക്കിയതിൽ അധ്യാപക സംഘടനകൾക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനാലാണ് സംഘടനകളുമായി ചർച്ച വിളിച്ചത്. അധ്യയന ദിനങ്ങൾ 205 തന്നെയാക്കി കുറയ്ക്കാൻ യോഗത്തിൽ തീരുമാനമെടുത്തുവെന്നും മന്ത്രി പറഞ്ഞു.

സർക്കാർ പുറത്തുവിട്ട വാർത്താക്കുറിപ്പ്

2023-24 അക്കാദമിക വർഷത്തെ അധ്യയന ദിനങ്ങൾ 205 ആയി  നിജപ്പെടുത്തി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 01 മുതൽ 05 വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായി തുടരും. വേനലവധി ദിവസങ്ങൾക്ക് മാറ്റമില്ല. യോഗത്തിൽ അധ്യാപക സംഘടനകളുടെ അഭ്യർത്ഥന മാനിച്ചാണ് 210 സ്കൂൾ പഠന ദിവസങ്ങൾ എന്നത് 205 പഠനദിവസങ്ങൾ എന്നാക്കി നിജപ്പെടുത്തിയത്.

മുഴുവൻ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ല. അദ്ധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്ന് നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയിൽ 5 ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിൽ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങൾ ആണ് 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് 205 അധ്യയന ദിനങ്ങൾ ആണ് ഉണ്ടാകുക. യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ.എസ്. തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം...

click me!