
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പടനായകനെന്ന് പുകഴ്ത്തി വീണ്ടും പാട്ട്. സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനയുടെ സുവർണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയതാണ് ഗാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 100 വനിതകൾ ചേർന്ന് നാളെ ഈ ഗാനം ആലപിക്കും. ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ പൂവത്തൂർ ചിത്രസേനൻ രചിച്ച ഗാനത്തിന് നിയമവകുപ്പിലെ അസിസ്റ്റൻ്റ് സെക്രട്ടറി വിമലാണ് സംഗീതം നൽകിയത്.
കാരണഭൂതനെന്ന വിവാദ തിരുവാതിരയ്ക്ക് ശേഷമാണ് വീണ്ടും മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള ഗാനം എത്തുന്നത്. സംഘടനയിൽ വലിയ ചേരിപ്പോര് നടക്കുന്നുണ്ട്. പി ഹണിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്കാണ് മുഖ്യമന്ത്രിയുടെ പിന്തുണ. ഈ പിന്തുണ ഉറപ്പിക്കാനാണ് സംഘടനാ നേതൃത്വം ഗാനം തയ്യാറാക്കിയത്. ഇന്നലെ ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് മുഖ്യമന്ത്രിയുടെ പടുകൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതും ഇതേ സംഘടനയുടെ ഇതേ ഭരണസമിതിയാണ്. വിവാദമായിട്ടും കട്ടൗട്ട് നീക്കാൻ ആവശ്യപ്പെട്ടിട്ടും സംഘടനാ നേതൃത്വം ഇതിന് തയ്യാറായിരുന്നില്ല. ഒടുവിൽ നഗരസഭാ ജീവനക്കാരെത്തി ഫ്ലെക്സ് കീറി മുഖ്യമന്ത്രിയുടെ കട്ടൗട്ട് എടുത്തുമാറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam