
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ കൂട്ട അടിയിൽ പരസ്പരം പഴി ചാരി എസ്എഫ്ഐയും കെഎസ്‌യുവും. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സർവകലാശാല ജീവനക്കാരുടെ പരാതിയിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ അടക്കം കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു. സംഘർഷത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ രക്ഷപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുമില്ല. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിനിടെ ബാലറ്റ് മോഷ്‌ടിച്ചതും അടിയുണ്ടാക്കിയതും തങ്ങളല്ല, എതിർ ചേരിയാണെന്ന് എസ്എഫ്ഐയും കെഎസ്‌യുവും ആരോപിക്കുന്നു. വലിയ സംഘർഷത്തെ തുടർന്ന് രാത്രി വോട്ടെണ്ണൽ നിർത്തി വെച്ചിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് കാമറയും തകർന്നിരുന്നു. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയതിന് രജിസ്ട്രാർ ഇന്ന് പൊലീസിൽ പരാതി നൽകും. സംഘർഷത്തിന് പിന്നാലെ പൊലീസ്
കസ്റ്റഡിയിലെടുത്തവരെ രക്ഷപ്പെടുത്തിയതിനും കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ രക്ഷിച്ചതെന്ന് പൊലീസ് പറയുന്നു, എന്നാൽ എഫ്ഐആറിൽ ആരുടെയും പേര് പറഞ്ഞ് പ്രതി ചേർത്തിട്ടില്ല.
സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെ വൻ സംഘർഷത്തിലെത്തുകയായിരുന്നു. സെനറ്റ് ഹാളിൻ്റെ വാതിൽ ചവിട്ടി തുറക്കാൻ എസ്എഫ്ഐ ശ്രമിച്ചു. ഈ ഹാളിനുളളിൽ കെഎസ്‍യു പ്രവർത്തകരും തമ്പടിച്ചിരുന്നു. പരസ്പരം കല്ലേറും പട്ടിക കൊണ്ട് അടിയുമുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും സംഘർഷം ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam