
തിരുവനന്തപുരം: ഏക കിടപ്പാട സംരക്ഷണ ബിൽ ഇന്ന് നിയമസഭ പാസാക്കി. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ അതിജീവനത്തിനായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന വായ്പകൾ തിരിച്ചടവ് മുടങ്ങിയാൽ വീട് ജപ്തി ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ബിൽ പാസാക്കിയത്. കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത പ്രതിസന്ധികൾ മൂലം വായ്പ മുടങ്ങുന്ന സാഹചര്യത്തിൽ ജപ്തി ഒഴിവാക്കാൻ ബിൽ സഹായിക്കും. കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പ് കൂടിയാണ് ഈ ബില്ലെന്നാണ് സർക്കാർ പറയുന്നത്. ബില്ലിൽ ഗവർണർ ഒപ്പിട്ടാൽ ഇത് നിയമമാകും. നിയമസഭയിൽ മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്.