
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിൽ കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം 6.68 ലക്ഷമായി. 1.88 കോടിയിലധികം (67. 57%) ഫോമാണ് ഡിജിറ്റൈസ് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച് 6.68 ലക്ഷത്തിലധികം പേരാണ് ഇനിയും എന്യൂമറേഷൻ ഫോം സ്വീകരിക്കാനുള്ളത്. കണ്ടെത്താനുള്ള വോട്ടർമാർ എന്നതിൽ നിന്ന് ഫോം സ്വീകരിക്കാനുളളവർ എന്ന ഗണത്തിലേയ്ക്ക് ഈ കണക്ക് കഴിഞ്ഞ ദിവസം മുതൽ കമ്മീഷൻ മാറ്റിയിട്ടുണ്ട്. ബി എൽ ഒ ആപ്പിലെ പ്രശ്നങ്ങൾ ഡിജിറ്റൈസേഷൻ പ്രശ്നത്തിലാക്കുന്നുവെന്ന പരാതിയുണ്ട്. അതേസമയം, ബിഎൽഒമാരുടെ സമ്മര്‍ദം കുറയ്ക്കാൻ എസ്ഐആര്‍ ജോയത്തോണ്‍ നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഡിജിറ്റൈസേഷൻ വിരസത ഒഴിവാക്കാൻ പത്തുമിനുട്ട് വിനോദവേള അനുവദിച്ചുകൊണ്ടായിരിക്കും എസ്ഐആര്‍ ജോയത്തോണ്‍ നടത്തുക. ഇതിനിടെ, തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ചര്‍ച്ച ചെയ്യാൻ നാളെ വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരും. എസ്ഐആർ നെതിരെ പാർട്ടികളും സർക്കാരും കൊടുത്ത ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് യോഗം.
കേരളത്തിലെ തീവ്രവോട്ടർപട്ടിക പരിഷ്ക്കരണ നടപടികൾ തുടരാമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എസ് ഐആർ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് തടസമാകുന്നോ എന്നറിയിക്കാൻ സംസ്ഥാന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകുകയും ചെയ്തു. എസ്ഐആറിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. ഹർജി ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും. കേരളത്തിലെ എസ്ഐആർ നടപടികളെ ചോദ്യം ചെയ്തുള്ള ഹർജികളെ സുപ്രീംകോടതിയിൽ എതിർത്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തെരഞ്ഞെടുപ്പ് കാരണം ഇത് മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നാണ് വാദിച്ചത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏകോപനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവർത്തിക്കുന്നത്. നിലവിലെ നടപടികൾക്ക് ചെറിയ വിഭാഗം ബിഎൽഒമാരെ മാത്രമേ ആവശ്യമുള്ളുവെന്നും കേരളത്തില്‍ 99 ശതമാനം വോട്ടർമാർക്കും എന്യൂമറേഷന്‍ ഫോമുകൾ നൽകിയെന്നും കമ്മീഷൻ വാദിച്ചിരുന്നു. അടുത്ത മാസം നാലിന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും രാഷ്ട്രീയ പാർട്ടികൾ അനാവശ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. എന്നാൽ, പാര്‍ട്ടികളല്ല പ്രശ്നമെന്നും കേരളത്തിലെ യഥാർത്ഥ സ്ഥിതി തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് അല്ലെന്നും സംസ്ഥാനം വാദിച്ചു. സ്റ്റേ ആവശ്യത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ ബിഎൽഒമാരുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്ന് സിപിഎം വാദിച്ചു. തുടർന്നാണ് അടുത്തമാസം ഒന്നിനകം സത്യവാങ്മൂലം നൽകാൻ കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam