ശബരിമല സ്വകാര്യബില്ലിന് അനുമതിയില്ല; എം വിന്‍സന്‍റ് എംഎല്‍എയുടെ ആവശ്യം വീണ്ടും തള്ളി

By Web TeamFirst Published Jul 23, 2019, 12:09 PM IST
Highlights

 ബില്ലിലെ വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമെന്ന നിയമവകുപ്പിന്‍റെ ശുപാർശ കണക്കിലെടുത്താണ് സ്പീക്കറുടെ നടപടി.

തിരുവനന്തപുരം: ശബരിമല വിശ്വാസ സംരക്ഷണത്തിനുള്ള എം വിന്‍സന്‍റ് എംഎല്‍എയുടെ സ്വകാര്യ ബില്ലിന് അനുമതിയില്ല. യുവതീപ്രവേശനം തടയണമെന്ന ബില്ലിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ വീണ്ടും അനുമതി നിഷേധിച്ചത്. നിയമം കൊണ്ടുവരാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികളെ കബളിപ്പിക്കുകയാണെന്ന് എം വിന്‍സന്‍റ് പ്രതികരിച്ചു.

ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം വിലക്കുന്നത് സംബന്ധിച്ച അനൗദ്യോഗിക ബില്ലാണ് എം വിന്‍സന്‍റ് കൊണ്ടുവന്നത്. ശബരിമല വിശ്വാസികളെ പ്രത്യേക വിഭാഗമായി അംഗീകരിക്കണം. അവരുടെ ആചാരങ്ങള്‍, സമ്പ്രദായങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടണം എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭരണഘടനയുടെ അനുഛേദം 26 പ്രകാരം ഭക്തര്‍ക്കുള്ള അവകാശമാണിത്. 

എന്നാല്‍, യുവതീപ്രവേശനം വിലക്കുന്ന ബില്ലിലെ വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്ന് നിയമവകുപ്പിന്‍റെ ഉപദേശം കിട്ടിയെന്നും ഈ സാഹചര്യത്തില്‍ ബില്ലിന് അനുമതി നല്‍കാനാകില്ലെന്നും സ്പീക്കര്‍ രേഖാമൂലം മറുപടി നല്‍കി. സ്പീക്കറുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും വിശ്വാസികളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ നിയമം കൊണ്ട് വരണമെന്നും എം വിന്‍സന്‍റ് പറഞ്ഞു.

എം വിന്‍സന്‍റിന്‍റെ ശബരിമല സ്വകാര്യ ബില്ല് നിയമപരമല്ലെന്ന് നിയമവകുപ്പ് കഴിഞ്ഞ് സെപ്റ്റംബറില്‍ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് സമാന ബില്ല് അവതരിപ്പിക്കുന്നതിന് ലോക്സഭ സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. 

click me!