എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ നേരിയ കുറവ്

Published : May 08, 2024, 03:08 PM ISTUpdated : May 08, 2024, 04:32 PM IST
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ നേരിയ കുറവ്

Synopsis

71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ വര്‍ധനവുണ്ട്.

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. 

9 മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്,  99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2474 സ്കൂളുകളാണ് മുഴുവൻ വിദ്യാർത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത്  2581 ആയിരുന്നു. 

അടുത്ത വർഷം മുതൽ പരീക്ഷ രീതി മാറ്റുമെന്നും മന്ത്രി അറിയിച്ചു. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തും. ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫലം വേഗത്തില്‍ അറിയാം പി.ആര്‍.ഡി ലൈവ് ആപ്പിലൂടെ

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ഉടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഒന്‍പതിനു നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം.  www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

പ്ലസ് വണ്‍ പ്രവേശനം, മെയ് 16 മുതല്‍ അപേക്ഷിക്കാം

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 29ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ