
കൊച്ചി: അപ്രതീക്ഷിത ദുരന്തത്തില്‍ ജീവൻ നഷ്ടമായ വിദ്യാർഥികൾക്ക് ഇന്ന് കുസാറ്റ് സര്‍വകലാശാല ആദരാഞ്ജലികള്‍ അര്‍പ്പിക്കും. രാവിലെ പത്തരയ്ക്ക് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം ചേരുക. വിദ്യാർഥികളുടെ മരണത്തിൽ അനുശോചനം അർപ്പിക്കാനായി ഇന്ന് കുസാറ്റ് സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പരീക്ഷകളും മാറ്റിവച്ചതായും സർവകലാശാല അറിയിച്ചിട്ടുണ്ട്. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു.
അതേസമയം സർവകലാശാലയിലുണ്ടായ അപ്രതീക്ഷിത ദുരന്തം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയും ഇന്ന് രാവിലെ യോഗം ചേരും. സിന്‍ഡിക്കേറ്റ് അംഗം കെ കെ കൃഷ്ണകുമാര്‍, മാത്തമാറ്റിക്സ് പ്രൊഫസര്‍ ശശി ഗോപാലന്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ പി കെ ബേബി എന്നിവര്‍ അടങ്ങുന്നതാണ് സമിതി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഴുവന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹപാഠികളുടെ ചേതനയറ്റ ശരീരം തിരികെ വീണ്ടും കുസാറ്റിൽ എത്തിച്ചപ്പോൾ അതിവൈകാരിക രംഗങ്ങൾക്കാണ് ക്യാമ്പസ് സാക്ഷിയായത്. പ്രിയപ്പെട്ട കൂട്ടുകാർ ജീവിതത്തിൽ നിന്ന് മടങ്ങിയതിന്‍റെ സങ്കടം താങ്ങാനാകാതെ പലരും വാവിട്ട് നിലവിളിക്കുന്നുണ്ടായിരുന്നു. ടെക്ഫെസ്റ്റ് വേദിയിൽ കളിചിരികളുമായി നടന്ന കൂട്ടുകാർ മരണത്തിലേക്ക് പോയത് വിശ്വസിക്കാനാവുമായിരുന്നില്ല മിക്കവർക്കും. ആശുപത്രി മോർച്ചറിയിൽ കരഞ്ഞു നിലവിളിക്കുകയായിരുന്നു സാറയുടെയും ആനിന്റെയും അതുലിന്റെയും സഹപാഠികൾ. രാവിലെ 7 ന് തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ പകർത്തിയാക്കി ഒമ്പതരയോടെ കുസാറ്റ് ക്യാംപസിലെ ഐ ടി ബ്ലോക്കിലേക്ക് പൊതുദർശനത്തിനായി ആദ്യമെത്തിച്ചത് സാറാ തോമസിന്റെ മൃതദേഹമായിരുന്നു. പിന്നാലെ ആൻ റുഫ്തയുടെയും അതുൽ തമ്പിയുടേയും മൃതദേഹങ്ങൾ ക്യാംപസിലെത്തിച്ചു. കരച്ചിലടക്കാനാവാതെ, പരസ്പരം ആശ്വസിപ്പിക്കുന്ന സഹപാഠികൾ ഹൃദയഭേദകമായ കാഴ്ചയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam