കുസാറ്റ് ക്യാംപസിലെ ഐ ടി ബ്ലോക്കിലേക്ക് പൊതുദർശനത്തിനായി ആദ്യമെത്തിച്ചത് സാറാ തോമസിന്റെ മൃതദേഹമായിരുന്നു. പിന്നാലെ ആൻ റുഫ്തയുടെയും അതുൽ തമ്പിയുടേയും മൃതദേഹങ്ങൾ ക്യാംപസിലെത്തിച്ചു

കൊച്ചി: അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹപാഠികളുടെ ചേതനയറ്റ ശരീരം തിരികെ വീണ്ടും കുസാറ്റിൽ എത്തിച്ചപ്പോൾ അതിവൈകാരിക രംഗങ്ങൾക്കാണ് ക്യാമ്പസ് സാക്ഷിയായത്. പ്രിയപ്പെട്ട കൂട്ടുകാർ ജീവിതത്തിൽ നിന്ന് മടങ്ങിയതിന്‍റെ സങ്കടം താങ്ങാനാകാതെ പലരും വാവിട്ട് നിലവിളിക്കുന്നുണ്ടായിരുന്നു. ടെക്ഫെസ്റ്റ് വേദിയിൽ കളിചിരികളുമായി നടന്ന കൂട്ടുകാർ മരണത്തിലേക്ക് പോയത് വിശ്വസിക്കാനാവുമായിരുന്നില്ല മിക്കവർക്കും. ആശുപത്രി മോർച്ചറിയിൽ കരഞ്ഞു നിലവിളിക്കുകയായിരുന്നു സാറയുടെയും ആനിന്റെയും അതുലിന്റെയും സഹപാഠികൾ.

'ഏറ്റവും ശ്രദ്ധിക്കേണ്ടത് ശ്വാസകോശം', സംസ്ഥാനങ്ങളോട് കേന്ദ്രം; ചൈനയിലെ അജ്ഞാത വൈറസിൽ നിരീക്ഷണം ശക്തമാക്കി

രാവിലെ 7 ന് തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ പകർത്തിയാക്കി ഒമ്പതരയോടെ കുസാറ്റ് ക്യാംപസിലെ ഐ ടി ബ്ലോക്കിലേക്ക് പൊതുദർശനത്തിനായി ആദ്യമെത്തിച്ചത് സാറാ തോമസിന്റെ മൃതദേഹമായിരുന്നു. പിന്നാലെ ആൻ റുഫ്തയുടെയും അതുൽ തമ്പിയുടേയും മൃതദേഹങ്ങൾ ക്യാംപസിലെത്തിച്ചു. കരച്ചിലടക്കാനാവാതെ, പരസ്പരം ആശ്വസിപ്പിക്കുന്ന സഹപാഠികൾ ഹൃദയഭേദകമായ കാഴ്ചയായിരുന്നു.

സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ ആർ ബിന്ദു, പി രാജീവ് സ്പീക്കർ എ എൻ ഷംഷീർ എന്നിവരെത്തിയപ്പോൾ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ, ജനപ്രതിനിധികളായ ബന്നി ബഹ്നാൻ, ഹൈബി ഈഡൻ, ജെ ബി മേത്തർ, എ എ റഹീം, ജോൺ ബ്രിട്ടാസ് , അൻവർ സാദത്ത്, ഉമാ തോമസ്, എന്നിവരും കുസാറ്റിലെ കുട്ടികൾക്ക് അന്തിമോപചാരമർപ്പിച്ചു. പൊതു ദർശനം ഒന്നരമണിക്കൂറിലേറെ നീണ്ടു. സാറയുടെ മൃതദേഹം താമരശേരിയിലേക്കും അതുലിന്റേത് കൂത്താട്ടുകുളത്തേക്കും ആൻ റുസ്തയുടേത് പറവൂരിലേക്കും കൊണ്ടുപോയി. ആൻ റുഫ്തയുടെ സംസ്കാര ചടങ്ങുകൾ വിദേശത്തുള്ള അമ്മ വന്ന ശേഷമാവും നടക്കുക. അപകടത്തിൽ മരിച്ച ആൽബിൻ ജോസഫിന്റെ മൃതദേഹം രാവിലെ തന്നെ പാലക്കാട്ടേക്ക് കൊണ്ടുപോയിരുന്നു. അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികൾ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള മറ്റു രണ്ടു പേർ കളമശ്ശേരി മെഡിക്കൽ കോളളിൽ തീവ്രപരിചരണ വിഭാഗത്തിലും നിസ്സാരമായി പരിക്കേറ്റ 34 പേരും വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം