
തിരുവനന്തപുരം: യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ പ്രശംസിച്ച് രമേശ് ചെന്നിത്തല രംഗത്ത്. വിഷയത്തിൽ ഫലപ്രദമായി ഇടപെട്ട് യെമൻ സർക്കാരുമായി ചർച്ചകൾ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദിയെന്നും ഇതാണ് കേരളത്തിന്റെ മാതൃകയെന്നുമാണ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചത്. ദയാധനം നൽകിയാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാകുമെങ്കിൽ കേരള ജനത ഒറ്റക്കെട്ടായി ഒപ്പം നിൽക്കും എന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ചെന്നിത്തലയുടെ കുറിപ്പ്
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച സന്തോഷവാർത്ത കേട്ടു. വിഷയത്തിൽ ഫലപ്രദമായി ഇടപെട്ട് യെമൻ സർക്കാരുമായി ചർച്ചകൾ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദി! ഇതാണ് കേരളത്തിന്റെ മാതൃക ! മോചന ദ്രവ്യം നൽകി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാകുമെങ്കിൽ കേരള ജനത ഒറ്റക്കെട്ടായി ഒപ്പം നിൽക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവരും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും ഇതിനായി ഇടപെട്ട കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി വിവരിച്ചു.
വി ഡി സതീശൻ പറഞ്ഞത്
നിമിഷ പ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്. അതിന് സാധ്യമായ എല്ലാ വഴിയും തേടണം. വധ ശിക്ഷ നീട്ടിവച്ചെന്ന ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കും. നിയമപരമായ എല്ലാ തടസങ്ങളും മറി കടന്ന് നിമിഷ പ്രിയയുടെ മോചനം ഉണ്ടാകുമെന്ന സന്തോഷകരമായ വാര്‍ത്തയ്ക്ക് വേണ്ടിഇനി കാത്തിരിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam