Latest Videos

കൊവിഡ് ചികിത്സയ്ക്കായി പഞ്ചായത്ത് തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ; 10 ദിവസത്തിനകം 50000 കിടക്കകൾ

By Web TeamFirst Published Jul 14, 2020, 4:22 PM IST
Highlights

10 ദിവസത്തിനകം സംസ്ഥാനത്ത് കിടത്തിച്ചികിൽസയ്ക്ക് 50000 കിടക്കകൾ സജജമാക്കാനാണ് തീരുമാനം. സന്നദ്ധ സംഘടനകളുടെ ഉൾപ്പടെ സഹായത്തോടെയാകും സെന്ററുകൾ സജ്ജമാക്കുക. 

കോഴിക്കോട്: സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. ഓരോ പഞ്ചായത്തിലും 100 കിടക്കകൾ വീതമുള്ള  സെന്ററുകൾ സജ്ജമാക്കും. 

10 ദിവസത്തിനകം സംസ്ഥാനത്ത് കിടത്തിച്ചികിൽസയ്ക്ക് 50000 കിടക്കകൾ സജജമാക്കാനാണ് തീരുമാനം. സന്നദ്ധ സംഘടനകളുടെ ഉൾപ്പടെ സഹായത്തോടെയാകും സെന്ററുകൾ സജ്ജമാക്കുക. പദ്ധതി നടപ്പാക്കാനായി പ്രത്യേകം ഐഎഎസ് ഓഫീസർമാരെ ചുമതലപ്പെടുത്തി. 14 ജില്ലകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറങ്ങി.

അതേസമയം, കോഴിക്കോട് നാദാപുരം മേഖലയിൽ വൻതോതിൽ കൊവിഡ് വ്യാപനമുണ്ടായതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. ​ഗ്രാമീണമേഖലകളിൽ കൊവിഡ് വൈറസ് ശക്തമായി വ്യാപിക്കുന്നുവെന്ന സൂചനയെ തുട‍ർന്ന് പഞ്ചായത്തുകളിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ തുടങ്ങാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. 

നാദാപുരത്തിന് അടുത്ത് തൂണേരിയിലാണ് അപകടകരമായ രീതിയിൽ കൊവിഡ് വ്യാപനമുണ്ടായത്. ഇവിടെ മരണവീടുകളിൽ നിന്നും രോഗം പകർന്നതായി സംശയിക്കുന്നതായി ജില്ലാ കളക്ടർ വി.സാംബശിവ റാവു പറഞ്ഞു. കോഴിക്കോട്ടേയും കണ്ണൂരിലേയും ചില മരണവീടുകൾ സന്ദർശിച്ചവർക്ക് രോഗം പകർന്നതോടെയാണ് ഇത്തരമൊരു സാധ്യത ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. തൂണേരിയിൽ 400 പേരെ കൊവിഡ് ടെസ്റ്റിൽ വിധേയരാക്കിയതിൽ 53 പേർക്ക് കൊവിഡ് പൊസിറ്റീവാണ്. 

Read Also: മരണവീടുകൾ വഴി രോഗവ്യാപനം ? കോഴിക്കോട് തൂണേരിയിൽ അൻപതിലേറെ കൊവിഡ് കേസുകൾ...
 

click me!