കോഴിക്കോട്: നാദാപുരം മേഖലയിൽ വൻതോതിൽ കൊവിഡ് വ്യാപനമുണ്ടായതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. ​ഗ്രാമീണമേഖലകളിൽ കൊവിഡ് വൈറസ് ശക്തമായി വ്യാപിക്കുന്നുവെന്ന സൂചനയെ തുട‍ർന്ന് പഞ്ചായത്തുകളിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ തുടങ്ങാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. 

നാദാപുരത്തിന് അടുത്ത് തൂണേരിയിലാണ് അപകടകരമായ രീതിയിൽ കൊവിഡ് വ്യാപനമുണ്ടായത്. ഇവിടെ മരണവീടുകളിൽ നിന്നും രോഗം പകർന്നതായി സംശയിക്കുന്നതായി ജില്ലാ കളക്ടർ വി.സാംബശിവ റാവു പറഞ്ഞു. കോഴിക്കോട്ടേയും കണ്ണൂരിലേയും ചില മരണവീടുകൾ സന്ദർശിച്ചവർക്ക് രോഗം പകർന്നതോടെയാണ് ഇത്തരമൊരു സാധ്യത ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. തൂണേരിയിൽ 400 പേരെ കൊവിഡ് ടെസ്റ്റിൽ വിധേയരാക്കിയതിൽ 53 പേർക്ക് കൊവിഡ് പൊസിറ്റീവാണ്. 

ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയന്ത്രണം കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. ജില്ലയിൽ രാഷ്ട്രീയ യോഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തും.  രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പത്തിൽ കൂടുതൽ ആളുകൾ പാടില്ല. ജില്ലയ്ക്ക് പുറത്ത് പോകുമ്പോൾ വാർഡ് ആർആർടിയെ അറിയിക്കണമെന്ന ചട്ടവും നിലവിൽ വന്നേക്കും.