
തിരുവനന്തപുരം; തോരാത്തമഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നത് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ്. ആദ്യം മുതല്‍ തന്നെ നദീതീരങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും മഴ ശമിക്കാത്ത സാഹചര്യത്തില്‍ പലയിടങ്ങളിലും നദികളിലെ നീരൊഴുക്ക് അപകടകരമായ അവസ്ഥയിലാണ്. ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം ഭാരതപ്പുഴയും കടലുണ്ടി പുഴയും അത്യധികം അപകടകരമായ അവസ്ഥയിലാണ് ഒഴുകുന്നത്. ഭാരതപ്പുഴ കുമ്പിടി മേഖലയിലും കടലുണ്ടിപ്പുഴ കാരത്തോട് മേഖലയിലും അപകടകരമായ അവസ്ഥ കഴിഞ്ഞിട്ടുണ്ടെന്നും അറിയിപ്പുണ്ട്.
പമ്പ നദി മാലക്കര മേഖലയിലും ചാലക്കുടിപ്പുഴ അങ്കമാലി മേഖലയിലും പയസാനി പുഴ ഇരവയിഞ്ഞി മേഖലയിലൂടെയുമായാണ് മുന്നറിയിപ്പ് നിരപ്പ് കഴിഞ്ഞും ഒഴുകുന്നത്. കുനിയല്‍ മേഖലയില്‍ ചാലിയാറും പെരുമണ്ണ് മേഖലയില്‍ വളപട്ടണം പുഴയും അപകടകരമായ ഒഴുക്കുള്ള അവസ്ഥയിലേക്ക് എത്തുകയാണെന്നും അറിയിപ്പുണ്ട്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതി നേരിടാന്‍ എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam