ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷിന് മൂന്ന് സ്ഥലങ്ങളില്‍ വോട്ട് ; സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

By Web TeamFirst Published Nov 30, 2020, 9:43 PM IST
Highlights

രാജേഷിന് മൂന്ന് സ്ഥലങ്ങളിൽ വോട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിൽ വോട്ടു ചെയ്താൽ മാത്രമെ നിയമ ലംഘനമാകൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ജനവിധി തേടുന്ന ബിജെപി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിന് മൂന്നിടത്ത്  വോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ മൂന്ന്  സ്ഥലത്ത് വോട്ടുണ്ടെങ്കിലും അത് സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ കാരണമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

പൂജപ്പുര വാര്‍ഡില്‍ നിന്നുമാണ് വിവി രാജേഷ് ജനവിധി തേടുന്നത്. നവംബര്‍ പത്തിന് അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്. രാജേഷിന് മൂന്ന് സ്ഥലങ്ങളിൽ വോട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് സ്ഥലങ്ങളിൽ വോട്ടു ചെയ്താൽ മാത്രമെ നിയമ ലംഘനമാകൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

റോസാപൂ ചിഹ്നം നേരത്തെ  ഉള്ളതാണ്. ഇതുവരെയും ആരും പരാതി പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥികളുടെ പേര് അക്ഷരമാല ക്രമത്തിൽ നൽകണമെന്നതും നിയമത്തിലുള്ളതാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി സ്ഥാനാർത്ഥികൾക്കൊപ്പം അതേ പേരുള്ള അപരന്മാർക്ക് സ്ഥാനവും താമരയോട് സാമ്യമുള്ള റോസപ്പൂ ചിഹ്നവും നൽകിയതിൽ പ്രതിഷേധിച്ച് നേരത്തേ ബിജെപി രംഗത്ത് വന്നിരുന്നു.

12 ഡിവിഷനുകളിൽ  ഒരേ പേരുകാർക്ക് അടുത്തടുത്ത് സ്ഥനാവും ചിഹ്നവും നൽകിയെന്നായിരുന്നു ആരോപണം. ഇത് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഇലക്ഷൻ കമ്മീഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. ബിജെപിയെ തോൽപിക്കാൻ ഉള്ള ശ്രമം ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും  വി.വി.രാജേഷ് പറഞ്ഞിരുന്നു. 

click me!