
കൊല്ലം: സ്കൂള്‍ കലോല്‍സവത്തിൽ കണ്ണൂർ ജില്ല ഓവറോൾ ജേതാക്കൾ. അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോടിനെ പിന്നിലാക്കിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. മൂന്ന് പോയിന്‍റ് വ്യത്യാസത്തിലായിരുന്നു നേട്ടം. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വർണക്കപ്പ് കണ്ണൂരിലേക്ക് എത്തുന്നത് 23 വർഷത്തിന് ശേഷമാണ്. ജയപരാജയങ്ങൾ കലാപ്രവർത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ നടൻ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. അടുത്തവർഷം മുതൽ കലോത്സവം പുതിയ മാനുവൽ അനുസരിച്ചാവും നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
അവസാന ദിവസം 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. കോഴിക്കോടിന് 949 പോയിന്റാണ് നേടാനായത്. ഇന്നലെ മത്സരം അവസാനിച്ചപ്പോൾ കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണ് ഉണ്ടായിരുന്നത്. ഇന്ന് നടന്ന 10 മത്സരങ്ങളിലെ പോയിന്റ് നിലയിൽ മുന്നേറാൻ സാധിച്ചത് കണ്ണൂര്‍ ജില്ലയ്ക്ക് 23 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ സഹായിച്ചു. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടന്നത്. പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. മമ്മൂട്ടി മുഖ്യാതിഥിയായെത്തി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam