
പാലക്കാട്: കേരളത്തിൽ നിന്ന് രാജഭരണം പോയിട്ടില്ലെന്ന് എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്ന സുരേഷിന് ജോലി കൊടുത്തത് കൊണ്ടാണ് എച്ച് ആർ ഡി എസിന് പ്രയാസം നേരിടേണ്ടി വന്നത്. വിവിധ സർക്കാർ എജൻസികൾ അടിക്കടി ഓഫീസുകളിൽ കയറി ഇറങ്ങുന്നു. എച്ച് ആർ ഡി എസിനെ ആർ എസ് എസ് അനുകൂല സംഘടനയെന്ന് മുദ്ര കുത്താൻ ശ്രമിക്കുന്നു. ഇതിന് പിന്നിൽ അജണ്ടയുണ്ട്. എച്ച് ആർ ഡി എസ് സ്ഥാപനത്തിൽ എല്ലാ വിഭാഗത്തിൽ നിന്നുള്ളവരും ജോലി ചെയ്യുന്നുണ്ട്. സ്വപ്നയ്ക്ക് ജോലി കൊടുത്തു എന്ന ഒറ്റക്കാരണമാണ് തനിക്കും സ്ഥാപനത്തിനുമെതിരായ കേസുകളും നടപടികളുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം കിട്ടി പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് അജി കൃഷ്ണന്റെ പ്രതികരണം പുറത്ത് വന്നത്.
അജി കൃഷ്ണന് കര്‍ശന ഉപാധികളോടെയാണ് കേസിൽ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും രണ്ടുപേര്‍ ആൾജ്യാമം നിൽക്കുകയും വേണം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഒപ്പിടാന്‍ പോകുന്നത് ഒഴിച്ചാല്‍ രണ്ടു മാസത്തേക്ക് അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധിയുണ്ട്.
ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രാമൻ എന്നയാളുടെ ഭൂമി കയ്യേറിയതിനാണ് എച്ച് ആർ ഡി എസിനെതിരായ കേസ്. സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വെച്ചു, രാമനെയും കുടുംബത്തെയും ഒഴിപ്പിച്ചു സ്ഥലം കയ്യേറി എന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയില്‍ തിരിച്ചെത്തിയതിന് തൊട്ടു പുറകെയാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്ന് സന്നദ്ധ സംഘനയായ എച്ച്ആർഡിഎസിന്‍റെ രാഷട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു. കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച് ആർ ഡി എസ്. 1995 - ൽ രൂപീകൃതമായതാണ് സംഘടന. സംഘടന ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്‍സി എസ്‍ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam