Kerala Rains: തമിഴ്നാട് തീരത്തെ ന്യൂനമർദ്ദം ശക്തിപ്പെടുന്നു, കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

By Web TeamFirst Published Oct 30, 2021, 1:53 PM IST
Highlights

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം  പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനും സമീപമായി സ്ഥിതി ചെയ്യുകയാണ്. 

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ (bengal sea) രൂപപ്പെട്ട ന്യൂനമർദ്ദത്തെ (depression) തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് 1.30-ന് പുറത്തു വന്ന പുതിയ മഴ അലർട്ടിൽ (rain alert) അടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് (orange alert) പ്രഖ്യാപിച്ചിട്ടുണ്ട്. 

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം  പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനും സമീപമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 3-4 ദിവസത്തേക്ക് കൂടി പടിഞ്ഞാറു ദിശയിലുള്ള ന്യൂനമർദ്ദത്തിൻ്റെ  സഞ്ചാരം തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.  ന്യൂനമർദ്ദ സ്വാധീനഫലമായി  കേരളത്തിൽ ഇടി മിന്നലൊടു കൂടിയ മഴ  നവംബർ 3 വരെ തുടരാൻ സാധ്യതയുണ്ട്. നവംബർ 3 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും  ഒക്ടോബർ 31 മുതൽ നവംബർ 2 വരെ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

ഇന്നും നാളെയും മറ്റന്നാളും  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി   ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നാളെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

നവംബർ രണ്ട് ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. 

click me!