
ദില്ലി: ജി20 ഉച്ചക്കോടിയുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന പരിപാടികളിൽ ചിലതിന് കേരളം വേദിയാവും. ആഗോളരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി 20 ഉച്ചക്കോടി (Delhi G20 Summit) കേരളത്തിൽ നടക്കുന്നതിൻ്റെ ഭാഗമായി 160 പരിപാടികൾ ആണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ നാലെണ്ണം വരെ കേരളത്തിൽ നടക്കാനാണ് സാധ്യത. കേരളത്തിൽ കൊച്ചിയാവും പരിപാടികൾക്ക് വേദിയാവുക. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി സ്ഥിതി വിലയിരുത്തി അനുകൂല റിപ്പോർട്ടാണ് നൽകിയത്.
ജി20 ഉച്ചക്കോടിയുടെ അനുബന്ധ പരിപാടികൾ രാജ്യത്തുടനീളം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു. 2023 ജനുവരി മുതൽ ഒക്ടോബർ വരെ ഉള്ള കാലത്താണ് വിവിധ സംസ്ഥാനങ്ങളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുക. എന്നാൽ ജി20 ഉച്ചക്കോടി ദില്ലിയിൽ തന്നെ നടക്കും.
ജി20 ഉച്ചക്കോടിക്ക് ഇക്കുറി ദില്ലിയാണ് ആതിഥ്യം വഹിക്കുന്നത. ഈ വർഷം ഡിസംബർ 1 മുതൽ അടുത്ത വർഷം നവംബർ 30 വരെ നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് ജി20 ഉച്ചക്കോടിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. ദില്ലിയിലെ പ്രഗതി മൈതാനിയിൽ ജി20 ഉച്ചക്കോടിക്കായി പ്രത്യേക വേദി സജ്ജമാക്കാൻ കേന്ദ്രസർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
പ്രത്യേകം രൂപീകരിച്ച ജി20 സെക്രട്ടേറിയറ്റാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുക. പ്രധാനമന്ത്രി അധ്യക്ഷനായ സെക്രട്ടേറിയറ്റിൽ ധനമന്ത്രി, ആഭ്യന്തരമന്ത്രി,വിദേശകാര്യമന്ത്രി, വാണിജ്യമന്ത്രി എന്നിവരും അംഗങ്ങളാണ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷം കൂടി പരിഗണിച്ചാണ് ഈ വർഷം തന്നെ ജി20 ഉച്ചക്കോടി ഇന്ത്യയ്ക്ക് ആതിഥ്യം വഹിക്കുന്നത്. 2024 ഫെബ്രുവരി വരെ സെക്രട്ടേറിയറ്റിൻ്റെ പ്രവർത്തനം തുടരും.
നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം ഇറ്റലിയായിരുന്നു ഈ വർഷം ഉച്ചക്കോടിക്ക് ആതിഥ്യം വഹിക്കേണ്ടിയിരുന്നു. ഇന്ത്യയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ച് അവർ മാറി തരികയായിരുന്നു. സാമ്പത്തിക ശക്തികളായ 19 ലോകരാഷ്ട്രങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അടങ്ങിയതാണ് ജി20 കൂട്ടായ്മ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam