Sreenivasan Murder Case : ശ്രീനിവാസൻ വധക്കേസ്; കൊലയാളികൾ സഞ്ചരിച്ച ആക്ടിവ കണ്ടെത്തി

By Web TeamFirst Published Apr 25, 2022, 11:42 AM IST
Highlights

പ്രതികളെ തടുക്കശ്ശേരി മുളയംകുഴി പള്ളി മഖാമിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് വാഹനം കണ്ടെത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്താൻ വന്ന സംഘം സഞ്ചരിച്ച ഹോണ്ട ആക്ടിവയാണ് അന്വേഷണ സംഘം കണ്ടെടുത്തത്.

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ (Sreenivasan Murder Case) പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി. പ്രതികളെ തടുക്കശ്ശേരി മുളയംകുഴി പള്ളി മഖാമിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് വാഹനം കണ്ടെത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്താൻ വന്ന സംഘം സഞ്ചരിച്ച ഹോണ്ട ആക്ടിവയാണ് അന്വേഷണ സംഘം കണ്ടെടുത്തത്.

കേസിൽ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നാണ് വിവരം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചിലര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. അതിനിടെ ഇന്നലെ അറസ്റ്റിലായ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ അബ്ദുള്‍ ഖാദര്‍ എന്ന ഇക്ബാലിന്‍റെ തെളിവെടുപ്പ് തുടരുകയാണ്. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന കോങ്ങാട് മേഖലയിലാണ് തെളിവെടുപ്പ്. ഒമ്പത് പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. അതേസമയം, സുബൈര്‍ വധക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങും.

ശ്രീനിവാസന്‍ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ കേസില്‍ നിര്‍ണായക അറസ്റ്റുമായി അന്വേഷണ സംഘം. മേലാമുറിയിലെത്തി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ ഒരാള്‍ ഉള്‍പ്പടെ രണ്ട് പേരെയാണ് പൊലീസ് ഇന്നലെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

Also Read: പാലക്കാട്ടെ കൊലപാതകങ്ങൾ; കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗം

ശ്രീനിവാസന്‍ കൊലക്കേസില്‍ ഗൂഡാലോചന നടത്തിയതിലും നേരിട്ട് പങ്കെടുത്തവരിലും പ്രധാനിയായ അബ്ദുള്‍ റഹ്മാനെന്ന ഇക്ബാല്‍, ഗൂഢാലോചനയില്‍ പങ്കാളിയായ ഫയാസ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ശ്രീനിവാസന്‍റെ കൊലയാളി സംഘത്തിന്‍റെ ആക്ടിവ ഓടിച്ചിരുന്നത് ഇക്ബാലായിരുന്നു. കോങ്ങാട് നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. 2019 ല്‍ ഹേമാംബികാ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയുണ്ടായ കൊലപാതക്കേസില്‍ പ്രതിയായിരുന്നു ഇക്ബാല്‍. കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈറിന്റെ ബന്ധുവായ  ഫയാസാണ് പിടിയിലായിട്ടുള്ളത്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് അഞ്ച് പേരേക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഐ ജി അശോക് യാദവ് പറഞ്ഞു. ഇന്നലെ പട്ടാമ്പി, തൃത്താല മേഖലയിലെ പോപ്പുലര്‍ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതേസമയം സുബൈര്‍ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാന്റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

click me!