
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സീനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്‌സീനേഷന്‍ ആരംഭിക്കാനും ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ എത്രയും വേഗം വര്‍ധിപ്പിക്കും. 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്തിന് ആദ്യഘട്ടമായി അനുവദിച്ചത്. എന്നാല്‍ കൂടുതല്‍ വാക്‌സിന്‍ എത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി വരുന്നതായി മന്ത്രി പറഞ്ഞു.
ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് വാക്‌സീനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയില്‍ 30 കേന്ദ്രങ്ങളും സജ്ജമാക്കും. ഒരു ജില്ലയില്‍ ചുരുങ്ങിയത് 14 കേന്ദ്രങ്ങളെങ്കിലുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി 13 ഓടെ ആദ്യം വാക്‌സീന്‍ എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഘട്ട വാക്‌സീനെടുക്കേണ്ട സമയമാകും. അതിനാല്‍ തന്നെ ഫെബ്രുവരി 15നകം ആദ്യഘട്ട വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 15ന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കാനാണ് പദ്ധതി. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി തുടങ്ങി ആഴ്ചയില്‍ 4 ദിവസമാണ് ഇപ്പോള്‍ വാക്‌സീനേഷന് അനുവദിച്ചത്. എന്നാല്‍ വാക്‌സീനേഷന്‍ കൂട്ടാനായി ജില്ലയുടെ സൗകര്യമനുസരിച്ച് വാക്‌സീനേഷന്‍ ദിനങ്ങളില്‍ മാറ്റം വരുത്താവുന്നതാണ്. ഒരു കാരണവശാലും കുട്ടികളുടെ വാക്‌സീനേഷന്‍ മുടങ്ങാന്‍ പാടില്ല. കുട്ടികളുടെ വാക്‌സീനേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികള്‍ക്കും പകരം സംവിധാനമുള്ള ആശുപത്രികള്‍ക്കും ഇതിലൂടെ ബുധനാഴ്ചയും വാക്‌സീനേഷന്‍ നടത്താന്‍ സാധിക്കും. ജില്ലാ ടാക്‌സ് ഫോഴ്‌സ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിശ്ചയിച്ച സമയത്ത് വാക്‌സീനെടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതായി കണ്ടെത്തിയിരുന്നു. അതിനാല്‍ വാക്‌സീന്‍ എടുക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കി. അന്നേ ദിവസം എത്തിച്ചേരാന്‍ കഴിയാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പകരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി ആ വിടവ് നികത്താനും അതത് കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സീനേഷന്‍ കഴിഞ്ഞാല്‍ അടുത്ത വാക്‌സീനേഷന്‍ നല്‍കുന്നത് കൊവിഡ് മുന്നണി പോരാളികള്‍ക്കാണ്. സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ ആകെ 4,87,306 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,86,017 പേരും സ്വകാര്യ മേഖലയിലെ 2,07,328 പേരും ഉള്‍പ്പെടെ 3,93,345 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് മുന്നണി പോരാളികളുടെ രജിസ്‌ട്രേഷനാണ് നടക്കുന്നത്. 75,572 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുനിസിപ്പൽ വര്‍ക്കര്‍മാരും, 8824 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam