ജെന്റർ പാർക്കിന്റെ പ്രവർത്തനം ഊർജിതമാക്കാൻ കേരളം; വിമൻ ട്രേഡ് സെന്ററും ഒരുങ്ങുന്നു

By Web TeamFirst Published Oct 4, 2019, 7:43 PM IST
Highlights

ജെന്റർ പാർക്കിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഐക്യരാഷ്ട്ര സംഘടനയുമായി ധാരണാപത്രം ഒപ്പ് വച്ച് സംസ്ഥാന സർക്കാർ. രാജ്യത്തെ  ആദ്യ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം 2021 ഓടെ പൂർത്തിയാക്കാനും നീക്കം.

ദില്ലി:യുഎൻ സഹകരണത്തോടെ കോഴിക്കോട്ട് ആരംഭിച്ച ജെന്‍റര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങൾ കൂടുതൽ ഊര്‍ജ്ജിതമാക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ. ഇതിനായി യു.എന്നുമായി ധാരണാപത്രം ഒപ്പുവെക്കും. മാസ്റ്റർ പ്ലാൻ കേരളം തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോട് ജെണ്ടർ പാർക്ക് ആരംഭിച്ചെങ്കിലും ശക്തമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതികളുമായി സംസ്ഥാനം മുന്നോട്ട് വരുന്നത്. പദ്ധതിയിൽ കീഴിൽ കോഴിക്കോട്  ഇന്റർനാഷണൽ വിമൻ ട്രേഡ് സെന്റർ ആരംഭിക്കുമെന്നും മന്ത്രി ദില്ലിയിൽ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു കെ.കെ.ഷൈലജ. ആയുഷ്മാൻ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ കേരളം നിര്‍ദ്ദേശിച്ച ചില മാറ്റങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധൻ അറിയിച്ചതായി മന്ത്രി പറഞ്ഞു. പാക്കേജുകളിൽ കേരളം നിർദ്ദേശിച്ച മാറ്റങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും ഷൈലജ അറിയിച്ചു. അന്വേഷണം നേരിടുന്ന എസ്.ആര്‍ മെഡിക്കൽ കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ കാര്യത്തിൽ ഇടപെടാൻ സര്‍ക്കാരിന് പരിമിതമായ സാധ്യത മാത്രമേ ഉള്ളുവെന്നും മന്ത്രി പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയ വർക്കല എസ്ആർ മെഡിക്കൽ കോളെജിലെ മുഴുവൻ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവയ്ക്കാൻ ആരോഗ്യ സ‍ർവ്വകലാശാല ഗവേണിംഗ് കൗൺസിൽ ഇന്നാണ് തീരുമാനിച്ചത്.

വരുന്നൂ ഇന്റർനാഷണൽ വുമൻ ട്രേഡ് സെന്റർ...

വനിതാ സംരംഭകത്വം മെച്ചപ്പെടുത്തുക,  ലിംഗസമത്വം സുരക്ഷിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി രാജ്യത്തെ തന്നെ ആദ്യ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം (ഐഡബ്ല്യുടിസി)  ആണ് കോഴിക്കോട് ഒരുങ്ങുക. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സെപ്തംബർ ഒൻപതിന് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ആരോഗ്യമന്ത്രി നടത്തിയത്.

സാമൂഹ്യനീതി വകുപ്പിന് കീഴിലാണ് സംസ്ഥാനത്തെ ജെൻഡർ പാർക്ക് ഒരുങ്ങുന്നത്. സ്ത്രീകൾക്ക് അവരുടെ സംരംഭക കഴിവുകൾ ഉപയോഗപ്പെടുത്തുന്നതിനും , സ്വന്തമായി വ്യാപാരം തുടങ്ങാനും വിപുലീകരിക്കാനും  ഉൽപ്പന്നങ്ങൾ ആഗോളതലത്തിൽ വിപണനം ചെയ്യുന്നതിനും സുരക്ഷിത ഇടം വിഭാവനം ചെയ്യുന്നതുമാണ് ഇന്റർനാഷണൽ വിമൻസ് ട്രേഡ് സെന്റർ. ജെൻഡർ പാർക്കിന് കീഴിലെ 'വിഷൻ 2020 ' പ്രകാരം നടപ്പിലാക്കുന്ന ഐഡബ്ല്യുടിസിയുടെ ആദ്യ ഘട്ടം 2021 ഓടെ പൂർത്തിയാകും.


 

click me!